റെഡ് ഫോർട്ട്
കുവൈത്ത് സിറ്റി: ജഹ്റയിലെ റെഡ് ഫോർട്ട് മുഖം മിനുക്കുന്നു. മേഖലയുടെ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നതും സന്ദർശകർക്ക് കൂടുതൽ മികച്ച അനുഭവം നൽകുന്ന തരത്തിൽ റെഡ് ഫോർട്ട് മേഖല നവീകരിക്കുന്നതിനായി നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി റെഡ് ഫോർട്ട് വില്ലേജ് പദ്ധതിക്കായി ഉപദേശക പഠനങ്ങൾ തയാറാക്കുന്നതിനുള്ള ടെൻഡറിന് കുവൈത്ത് മുനിസിപ്പാലിറ്റി അപേക്ഷ ക്ഷണിച്ചു.
സാംസ്കാരിക, വിനോദസഞ്ചാര, പൈതൃക കേന്ദ്രം എന്ന ലക്ഷ്യത്തിൽ സമഗ്രമായ സംരംഭമാണ് പുതിയ പദ്ധതിയെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി പ്രോജക്ട് സെക്ടർ അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബൗഷെഹ്രി പറഞ്ഞു.
രാജ്യത്തെ സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യമുള്ള ഇടങ്ങൾ വികസിപ്പിക്കുന്നതിനും സുസ്ഥിര വികസന പദ്ധതികളാക്കി ദേശീയ പ്രാധാന്യമുള്ള സ്ഥലങ്ങളെ മാറ്റുന്നതിന്റെയും ഭാഗമായാണ് പദ്ധതി.
നാഷനൽ കൗൺസിൽ ഫോർ ആട്സ് ആൻഡ് ലറ്റേഴ്സ് മേൽനോട്ടത്തിൽ നേരത്തെ റെഡ് ഫോർട്ട് വിപുലമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ട്. റോഡ്, നടപ്പാതകൾ, ടെറസുകൾ, പൂന്തോട്ടങ്ങൾ, പാർക്കിങ് ഏരിയകൾ, ആയുധശാല മ്യൂസിയം എന്നിവയുടെ നിർമ്മാണം നവീകരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
കലാകാരന്മാർ, കരകൗശല വിദഗ്ധർ, സാംസ്കാരിക ഗ്രൂപ്പുകൾ എന്നിവയുടെ ഉൾപ്പെടെയുള്ള സാംസ്കാരിക പരിപാടികൾ ഇവിടെ നടന്നുവരുന്നു. ഫെബ്രുവരി പകുതി വരെ നീളുന്ന പരിപാടിയിൽ പൈതൃക പ്രദർശനങ്ങൾ, പരമ്പരാഗത പ്രകടനങ്ങൾ, കുട്ടികൾക്കായുള്ള സംവേദനാത്മക വർക്ക്ഷോപ്പുകൾ എന്നിവ ഉൾപ്പെടുന്നു. പൊതുജനങ്ങളെയും യുവതലമുറയെയും ഉൾപ്പെടുത്തിക്കൊണ്ട് കുവൈത്ത് കലകളും പൈതൃകവും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയായും റെഡ്ഫോർട്ട് മാറിയിട്ടുണ്ട്.
ജഹ്റയിലെ കാർഷിക ഫാമുകൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1897ൽ കുവൈത്ത് ഭരണാധികാരി ശൈഖ് മുബാറക് അസ്സബാഹാണ് ജഹ്റയിലെ റെഡ് ഫോർട്ട് നിർമിച്ചത്. റെഡ് പാലസ് എന്നും ഇത് അറിയപ്പെടുന്നു. മണൽപരപ്പിന് നടുവിൽ ചുവന്ന ചായത്തിൽ കരുത്തോടെ ചരിത്രത്തിന് സാക്ഷിയായി നിലകൊള്ളുന്ന കോട്ട കുവൈത്തിലെ ചരിത്രനിർമിതികളിൽ പ്രധാനമായ ഒന്നാണ്.
കോട്ടക്കുള്ളിലെ കിണർ
1920ൽ പ്രസിദ്ധമായ ജഹ്റ യുദ്ധത്തിനും ഈ കോട്ട സാക്ഷിയായി. മരുഭൂമിയിലെ കുറ്റിച്ചെടികൾ കലർന്ന ചെളിയിൽ നിന്ന് രൂപപ്പെടുത്തിയ ഇഷ്ടികകൾ കൊണ്ടാണ് കോട്ടയുടെ നിർമാണം. 15 അടി ഉയരവും രണ്ടടി വീതിയുമുള്ള മതിലിനാൽ ചുറ്റപ്പെട്ട കോട്ട സമചതുരമാണ്. നാല് വശവും വാച്ച് ടവറുകളുമുണ്ട്. മുപ്പത്തിമൂന്ന് മുറികളും ആറ് നടുമുറ്റങ്ങളും കോട്ടയിലുണ്ട്. ഇവക്കിടയിൽ സുന്ദരമായ വരാന്തകളും ഗോവണികളും പരസ്പരം ബന്ധിപ്പിക്കുന്നു. കോട്ടയുടെ മധ്യഭാഗത്ത് ഒരു കിണറുമുണ്ട്. കോട്ടയോടു ചേർന്ന് പുരാവസ്തു മ്യൂസിയവും അടുത്തിടെ സഥാപിച്ചിട്ടുണ്ട്. വിവിധ ആയുധങ്ങൾ, ചരിത്ര വസ്തുക്കൾ എന്നിവ ഇവിടെ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.