പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന
മന്ത്രിതല സമിതി യോഗം
കുവൈത്ത് സിറ്റി: പുതിയ സോളാർ സ്റ്റേഷനുകൾ ഉൾപ്പെടെ രാജ്യത്ത് വൈദ്യുതി മേഖലയിൽ മൂന്ന് വർഷത്തെ റോഡ് മാപ്പ് അവതരിപ്പിച്ചു. പ്രധാന വികസന പദ്ധതി നടത്തിപ്പ് മേൽനോട്ടം വഹിക്കുന്ന മന്ത്രിതല സമിതിയുടെ 41ാമത് യോഗത്തിൽ വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ആദിൽ മുഹമ്മദ് അൽ സമീലാണ് ഇത് അറിയിച്ചത്.
2030 ആകുമ്പോഴേക്കും പുനരുപയോഗ ഊർജത്തിൽനിന്ന് 30 ശതമാനം വൈദ്യുതി ഉൽപാദിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി, സൗരോർജത്തിലും കാറ്റാടിയിലും ശ്രദ്ധ കേന്ദ്രീകരിച്ച് വിവിധ ഊർജ പദ്ധതികൾ നടപ്പിൽവരുത്തും.
ഷാഗയ റിന്യൂവബിൾ എനർജി കോംപ്ലക്സിന്റെയും അബ്ദിലിയ സോളാർ പ്ലാന്റ് പദ്ധതികളുടെയും അടുത്ത ഘട്ടത്തിൽ ചൈനീസ് മേൽനോട്ടം സംബന്ധിച്ച കരാറിൽ മാർച്ചിൽ കുവൈത്തും ചൈനയും ഒപ്പുവെച്ചിരുന്നു. ബയാൻ പാലസിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു. ദേശീയ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വലിയ വികസന പദ്ധതികൾ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. തന്ത്രപരമായ വികസന ലക്ഷ്യങ്ങൾ നിശ്ചയിക്കുമ്പോൾ പൗരന്മാരുടെ താൽപര്യങ്ങൾക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതി നടത്തിപ്പിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകളും അപ്ഡേറ്റുകളും യോഗം അവലോകനം ചെയ്തതായി ഏഷ്യൻ കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും കമ്മിറ്റി റിപ്പോർട്ടറുമായ അംബാസഡർ സമിഹ് ജവഹർ ഹയാത്ത് പറഞ്ഞു.
പൊതുമരാമത്ത്, മുനിസിപ്പൽ, ഭവനകാര്യം, നിക്ഷേപ പ്രോത്സാഹനം, നിയമ സ്ഥാപനങ്ങൾ, ഊർജ മേഖല, വിദേശകാര്യ മന്ത്രാലയം എന്നിവയിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.