ഈ അനുഭവം പങ്കുവെക്കാതെ വയ്യ

കുവൈത്ത് ബാങ്കുകൾ സാമ്പത്തിക സഹായ ലോണുകൾ ഉദാരമായി നൽകിയിരുന്നത് പ്രവാസികൾക്ക് വലിയ ആശ്വാസമായിരുന്നു. നാട്ടിലെ ബാങ്കിൽനിന്ന് ലോൺ എടുക്കുന്നതിന്റെ നൂലാമാലകളും അമിതമായ പലിശയും ഇല്ല എന്നതാണ് ഇതിലെ പ്രധാന കാരണം. ചെറിയ ശമ്പളക്കാർക്ക്പോലും ആയിരക്കണക്കിന് ദീനാർ കാര്യമായ ഗ്യാരന്റി പോലുമില്ലാതെ കുവൈത്ത് ബാങ്കുകൾ നൽകിയിരുന്നു. കോവിഡ് സമയത്ത് ലോൺ തിരിച്ചടക്കാൻ പ്രയാസപ്പെടുന്നവർക്ക് വിട്ടുവീഴ്ചകൾ നൽകി മാനുഷിക പരിഗണനയും ബാങ്കുകൾ നൽകി.

ദൗർഭാഗ്യകരമെന്ന് പറയട്ടെ, കോടിക്കണക്കിന് രൂപയുടെ ബാങ്ക് ലോണുകൾ എടുത്ത് കുവൈത്തിൽനിന്ന് കടന്നുകളഞ്ഞവരിലും മുൻപന്തിയിൽ പ്രവാസികളായ നമ്മളിൽ പലരുമാണ്. ഈ ഘട്ടത്തിൽ സ്വന്തം അനുഭവം പറയാം. കുവൈത്ത് ബാങ്കിൽനിന്ന് അനുവദിച്ച ലോൺ ക്രമംതെറ്റാതെ തിരിച്ചടക്കുന്ന സമയത്താണ് കൊറോണ വരുന്നത്. ജോലി നഷ്ടപ്പെടുകയും രോഗം പിടികൂടുകയും ചെയ്തതോടെ നാട്ടിലേക്കുള്ള യാത്രയും അനിവാര്യമായിവന്നു. ഈ സമയവും ബാങ്ക് ലോൺ ബാക്കിയായിരുന്നു. എന്നാൽ ബാങ്ക് യാത്രക്ക് തടസ്സം നിന്നില്ല.

രോഗം മാറി തിരിച്ചെത്തി അടുത്ത ദിവസം തിരിച്ചടവിന്റെ അവധി നീട്ടിവാങ്ങാൻ ബാങ്കിലെത്തിയപ്പോൾ ഏറെ സന്തോഷകരമായ മറുപടിയാണ് ലഭിച്ചത്. പുതിയ വിസയടിച്ചു ഇഖാമ കിട്ടിയതിന് ശേഷം തിരിച്ചടവ് തുടങ്ങിയാൽ മതിയെന്നും പഴയ ബാലൻസ് അതേപടി തിരിച്ചടച്ചാൽ മതിയെന്നുമായിരുന്നു ബാങ്കിന്റെ മറുപടി. ദൗർഭാഗ്യകരമെന്നു പറയട്ടെ ജോലി തൃപ്തികരമല്ലാത്തതിനാൽ വീണ്ടും നാട്ടിൽ പോകാൻ നിർബന്ധിതമായി.

യാത്രക്ക് ഒരുങ്ങുന്നതിനുമുമ്പ് ബാങ്കുമായി ബന്ധപ്പെട്ടപ്പോഴും ആറ് വർഷം മുമ്പെയുള്ള അതേ ബാക്കിപണം തന്നെയാണ് അടക്കേണ്ടതെന്നും പലിശ എന്ന അധികപണമില്ല എന്നതും അത്ഭുതപ്പെടുത്തി. ബാക്കിയുള്ള ലോൺ സൗഹൃദവലയത്തിൽനിന്ന് ശേഖരിച്ച് തിരിച്ചടച്ചതിന്ശേഷം ബാധ്യത ഒഴിവായതിന്റെ മാനസിക സുഖത്തിലായിരുന്നു തുടർന്നുള്ള യാത്ര. വീണ്ടും കുവൈത്തിൽ തിരിച്ചെത്തി സംതൃപ്തമായ ജോലിയിൽ തുടരുന്നു.

Tags:    
News Summary - sharing his experience about Taking loans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.