കുവൈത്ത് സിറ്റി: സൗത്ത് സുറയിലെ സ്കൂൾ കാന്റീനുകളിലെ മോഷണകേസിൽ പ്രതികൾ പിടിയിൽ. 12 മോഷണക്കേസുകളിലായി 10 കൗമാരക്കാരാണ് പിടിയിലയത്. തണുപ്പുള്ള രാത്രികളിൽ സെക്യൂരിറ്റി ജീവനക്കാർ അകത്തിരിക്കാൻ സാധ്യതയുള്ള ദിനങ്ങളിൽ സംഘം ചേർന്നായിരുന്നു മോഷണം.
സ്കൂൾ മതിൽ ചാടിക്കടന്ന് കാന്റീനുകളിൽനിന്ന് പണവും ഭക്ഷണസാധനങ്ങളുമാണ് കവർന്നിരുന്നത്.തുടർച്ചയായ മോഷണ പരാതികളെത്തുടർന്ന് അന്വേഷണത്തിനായി ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഹവല്ലി ഫീൽഡ് ഇൻവെസ്റ്റിഗേഷൻസ് യൂനിറ്റിൽനിന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചു.
മോഷ്ടാക്കൾ സ്കൂളുകളിൽ അതിക്രമിച്ച് കടക്കുന്നതും രക്ഷപ്പെടുന്നതുമായ ദൃശ്യങ്ങൾ സി.സി.ടി.വി കാമറകളിൽ പതിഞ്ഞിരുന്നു. ഇവ സ്കൂൾ പ്രിൻസിപ്പൽമാർ, അധ്യാപകർ, സുരക്ഷാ ജീവനക്കാർ എന്നിവരെ കാണിച്ചപ്പോൾ 15 വയസ്സുള്ള ഒരു പ്രതിയെ തിരിച്ചറിഞ്ഞു.
ഇയാളെ അറസ്റ്റ് ചെയ്തപ്പോൾ 1,250 കുവൈത്ത് ദീനാർ കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ മറ്റു കൂട്ടാളികളുടെ പേരുകൾ പ്രതി വെളിപ്പെടുത്തി. തുടർന്ന് മുഴുവൻ പേരെയും പിടികൂടുകയായിരുന്നു. മോഷ്ടിക്കപ്പെട്ട സാധനങ്ങളുടെ ആകെ മൂല്യം 4,800 കുവൈത്ത് ദീനാറിലധികം വരും. പത്ത് പേരെയും നിയമനടപടികൾക്കായി ജുവനൈൽ പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.