പ്രതീകാത്മക ചിത്രം
കുവൈത്ത് സിറ്റി: ഇന്ത്യ 76ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ ശുഭമുഹൂർത്തത്തിൽ കുവൈത്തിലെ എല്ലാ ഇന്ത്യക്കാർക്കും ഊഷ്മളമായ ആശംസ നേരുന്നു. കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് എന്നിവർക്ക് ശക്തമായ ഇന്ത്യ-കുവൈത്ത് സഹകരണത്തിന് നൽകുന്ന രക്ഷാകർതൃത്വത്തിനും പിന്തുണക്കും ഈ സന്ദർഭത്തിൽ നന്ദി അറിയിക്കുന്നു.
ഇന്ത്യയുടെ വിവിധ നേട്ടങ്ങളിൽ നാം അഭിമാനിക്കുന്നു. ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക നയങ്ങളുടെ മൂലക്കല്ലാണ് തുല്യതയിലൂന്നിയ വികസനം. ജനാധിപത്യം, ബഹുസ്വരത, നാനാത്വത്തിൽ ഏകത്വം എന്നിവയാണ് ഇന്ത്യൻ സമൂഹത്തിന്റെ പരമ്പരാഗത ധാർമികത. ‘വസുധൈവ കുടുംബകം’ (ലോകം ഒരു കുടുംബമാണ്) എന്ന തത്ത്വചിന്തയിൽ ഇന്ത്യ വിശ്വസിക്കുന്നു. നമ്മുടെ വിദേശനയത്തെയും നയിക്കുന്നത് ഈ വിശ്വാസമാണ്.
ഇന്ത്യ ഇന്ന് ശതകോടി അവസരങ്ങളുടെ നാടാണ്. നമ്മുടെ കൂട്ടായ ദൃഢനിശ്ചയം ഇന്ത്യൻ സമ്പദ്വ്യവസ്ഥ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയെന്ന സ്ഥാനം ഉറപ്പാക്കി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ എന്ന നിലയിലെത്തും. ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ (ഇന്ത്യയിൽ നിർമ്മിക്കുക, ലോകത്തിന് വേണ്ടി നിർമ്മിക്കുക) എന്ന ആശയവുമായി ഇന്ത്യ മുന്നേറുകയാണ്. ബിസിനസ് സൗഹൃദ പരിഷ്കാരങ്ങളും നയങ്ങളും രാജ്യത്തിന്റെ സാധ്യതകൾ തുറന്നുവെച്ചു. ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ഇന്ത്യ വമ്പിച്ച മുന്നേറ്റം നടത്തി. നവീകരണം, വിവരസാങ്കേതികവിദ്യ എന്നിവയുടെ മുൻനിര കേന്ദ്രങ്ങളിലൊന്നാണ് നമ്മുടെ രാജ്യം. ലോകോത്തര ഉൽപാദന ശേഷിയുള്ള ‘ലോകത്തിന്റെ ഫാർമസി’യാണ് ഇന്ത്യ.
മനുഷ്യരാശി നേരിടുന്ന പുതുകാല വെല്ലുവിളികളെ നേരിടുന്നതിൽ നിർണായക സംഭാവന നൽകാൻ കഴിയുന്ന പ്രധാന ആഗോള പങ്കാളിയാണ് ഇന്ത്യ. 2047ഓടെ വികസിത രാജ്യമാകുകയെന്ന ലക്ഷ്യത്തോടെ ആത്മനിർഭർ ഭാരത് (സ്വാശ്രയ ഇന്ത്യ) കെട്ടിപ്പടുക്കുന്നതിനുള്ള ശരിയായ പാതയിലാണ് നാം. ലോക സമാധാനത്തിനും സ്ഥിരതക്കും സമൃദ്ധിക്കും സംഭാവന നൽകുന്നതിൽ ഇന്ത്യ പ്രധാന പങ്ക് വഹിക്കുന്നു. സമീപ വർഷങ്ങളിൽ സമാന ചിന്താഗതിയുള്ള രാജ്യങ്ങളുമായി നിരവധി ആഗോള സംരംഭങ്ങൾക്ക് ഇന്ത്യ നേതൃത്വം നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ തർക്കങ്ങളും സംഘർഷങ്ങളും പരിഹരിക്കാനുള്ള ഏക മാർഗം സംഭാഷണവും നയതന്ത്രവും മാത്രമാണെന്ന് ഇന്ത്യ വിശ്വസിക്കുന്നു.
ജി.സി.സി രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം അതിവേഗം വളരുകയാണ്. കുവൈത്ത് ജി.സി.സി അധ്യക്ഷപദം വഹിക്കുമ്പോൾ ഇന്ത്യ-ജി.സി.സി കൂടുതൽ ശക്തമാകുമെന്ന് നമുക്ക് ഉറപ്പുണ്ട്. 2024 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് സന്ദർശിച്ചത് കുവൈത്തുമായുള്ള നമ്മുടെ ഉഭയകക്ഷി ബന്ധത്തിൽ പുതിയ അധ്യായമാണ്. ഇന്ത്യൻ പ്രധാനമന്ത്രിക്ക് കുവൈത്തിന്റെ പരമോന്നത ദേശീയ ബഹുമതിയായ ‘ദി ഓർഡർ ഓഫ് മുബാറക് അൽ-കബീർ’ സമ്മാനിച്ചത് ഓരോ ഇന്ത്യക്കാരനും അഭിമാനമാണ്. കുവൈത്തിലെ വലിയ ഇന്ത്യൻ സമൂഹം നമ്മുടെ ഉഭയകക്ഷി ബന്ധത്തിന്റെ സുപ്രധാനവുമായ പാലമാണ്.
കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനും ഇന്ത്യൻ എംബസി ഏറ്റവും മുൻഗണന നൽകുന്നു. സമൂഹത്തിന്റെ ക്ഷേമത്തിനായി ആവശ്യമുള്ള സന്ദർഭങ്ങളിൽ എംബസിയുമായി കൈകോർക്കുകയും കുവൈത്തുമായുള്ള നമ്മുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന് സംഭാവന നൽകുകയും ചെയ്തതിന് എല്ലാ സാമൂഹിക സംഘടനകൾക്കും പ്രഫഷനൽ കൂട്ടായ്മകൾക്കും സാംസ്കാരിക സംഘങ്ങൾക്കും എല്ലാ ഇന്ത്യക്കാർക്കും ഞാൻ ഒരിക്കൽ നന്ദി പറയുന്നു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ അഭിമാനകരമായ അവസരത്തിൽ കുവൈത്തിലുള്ള എല്ലാ ഇന്ത്യക്കാർക്കും ഇന്ത്യയുടെ സുഹൃത്തുക്കൾക്കും ആശംസ നേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.