വെ​ള്ള​ക്കെ​ട്ടി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ മു​ങ്ങി;  ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ച്​ അ​ഗ്​​നി​ശ​മ​ന സേ​ന

കുവൈത്ത് സിറ്റി: വെള്ളിയാഴ്ച രാത്രിയുണ്ടായ പെരുമഴയിൽ റോഡുകളിൽ വെള്ളക്കെട്ടുണ്ടായി നിരവധി വാഹനങ്ങൾ മുങ്ങി. അഗ്നിശമന സേന ഉണർന്നു പ്രവർത്തിച്ചതിനാൽ അത്യാഹിതങ്ങൾ ഒഴിവായി. മഴയത്ത് വാഹന ഗതാഗതം പ്രയാസത്തിലായതോടെ പാലങ്ങൾക്കടിയിലും മറ്റും നിർത്തിയിട്ട വാഹനങ്ങളാണ് വെള്ളം ഉയർന്നതോടെ മുങ്ങിയത്. അഗ്നിശമന സേന ടാങ്കറുകൾ എത്തിച്ച് വെള്ളം വറ്റിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.  ഫഹാഹീൽ, മംഗഫ് എന്നിവിടങ്ങളിലാണ് വാഹനങ്ങൾ മുങ്ങിയത്.  വെള്ളിയാഴ്ച പകൽ ചെറിയ മഴയും മൂടിക്കെട്ടിയ കാലാവസ്ഥയുമായിരുന്നെങ്കിൽ രാത്രിയോടെ മഴ കനത്തു. 
കൂടുതൽ ജലസാന്ദ്രതയുള്ള വൻ മഴത്തുള്ളികളാൽ കോരിച്ചൊരിയുന്ന മഴയാണ് വർഷിച്ചത്. ഇടിയുടെയും മിന്നലി​െൻറയും അകമ്പടിയോടെ മഴ ശക്തി പ്രാപിച്ചത് പലേടത്തും വാഹനഗതാഗതത്തെ പ്രയാസത്തിലാക്കി. അതിർത്തി ചെക്ക് പോസ്റ്റുകളിലെ ഗതാഗത നീക്കത്തെയും മഴ ബാധിച്ചു. മഴ മൂലമുണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് അതിർത്തിയിൽ നിരവധി വാഹനങ്ങൾ  നിശ്ചലമായി. ഇതേതുടർന്ന് അതിർത്തിയിലെത്തിയ യാത്രക്കാർ മണിക്കൂറുകളോളും കുടുങ്ങി. മോശം കാലാവസ്ഥയെ തുടർന്ന് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ എമർജൻസി വിഭാഗത്തിലേക്ക് 49 സഹായ അഭ്യർഥനകൾ എത്തിയതായി അധികൃതർ പറഞ്ഞു. വാഹനം വെള്ളത്തിൽ ഒലിച്ചുപോയതും കെട്ടിടത്തിന് കേടുപറ്റിയതുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്. 
വൈദ്യുതി സബ്സ്റ്റേഷനുകളിലും പാനൽ ബോർഡുകളിലും ഷോർട്ട് സർക്യൂട്ട് ഉണ്ടായതായും റിപ്പോർട്ട് ചെയ്യപ്പെട്ടു. സാഹചര്യം മനസ്സിലാക്കി ഉണർന്നു പ്രവർത്തിച്ച ജനറൽ ഫയർഫോഴ്സ് വിഭാഗത്തി​െൻറയും മെഡിക്കൽ എമർജൻസി വിഭാഗത്തി​െൻറയും ശ്രമങ്ങളാണ് അപകടങ്ങൾ കുറക്കുന്നതിന് ഇടയാക്കിയത്. 
കടലിൽ കുടുങ്ങിയ ബോട്ടുകളെയും വെള്ളക്കെട്ടിൽ അകപ്പെട്ട ഇരുപതോളം വാഹനങ്ങളെയും രക്ഷപ്പെടുത്തിയതായി മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മ​െൻറ് അറിയിച്ചു. സാഹചര്യം സമചിത്തതയോടെ നേരിട്ട സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യനിവാസികളെ അധികൃതർ അഭിനന്ദിച്ചു. 
മോശം കാലാവസ്ഥയിൽ വീടുകളിൽതന്നെ തുടരുകയാണ് ഉത്തമമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ശനിയാഴ്ചയും ഇടിയോടുകൂടിയ മഴയുണ്ടാവുമെന്നായിരുന്നു പ്രവചനമെങ്കിലും പൊതുവെ ശാന്തമായ കാലാവസ്ഥയായിരുന്നു. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയുണ്ടായി.
 

Tags:    
News Summary - rain-3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.