കുവൈത്ത് സിറ്റി: നിർമ്മാണ സൈറ്റിൽ നടത്തിയ മിന്നൽ പരിശോധനയിൽ 44 നിയമവിരുദ്ധ തൊഴിലാളികൾ പിടിയിൽ. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ നിർദ്ദേശപ്രകാരം, സംയുക്ത ത്രികക്ഷി സമിതിയുമായി ഏകോപിപ്പിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവറാണ് പരിശോധന നടത്തിയത്.
മറ്റു സ്പോൺസർമാർക്ക് കീഴിലുള്ള തൊഴിലാളികൾ, പെർമിറ്റിൽ പട്ടികപ്പെടുത്തിയിട്ടില്ലാത്ത ജോലി ചെയ്യുന്ന തൊഴിലാളികൾ, നിയമവിരുദ്ധ താമസിക്കാർ എന്നിവരുൾപ്പെടെ നിരവധി തൊഴിൽ ലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി.
വീട്ടുജോലിക്കാരുടെ വിസയുള്ള 12 തൊഴിലാളികൾ, ഇടയൻ വിഭാഗത്തിലുള്ള ഒരു തൊഴിലാളി, താമസ നിയമലംഘിച്ച മൂന്നു പേർ എന്നിവരെ പിടികൂടി. സൈറ്റിൽ പ്രവർത്തിക്കാൻ ലൈസൻസ് ഇല്ലാത്ത കമ്പനികളാണ് 28 തൊഴിലാളികളെ ജോലിക്കെടുത്തത്. അറബ് കോൺട്രാക്ടേഴ്സ്, ഫസ്റ്റ് ഗ്രൂപ് എന്നീ പേരുകളിൽ ആവശ്യമായ പെർമിറ്റുകൾ ഇല്ലാതെയാണ് അറസ്റ്റിലായവർ ജോലി ചെയ്തിരുന്നത്.
തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിനും സുരക്ഷിതവും സംഘടിതവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്ന നയത്തിന്റെയും ഭാഗമായാണ് പരിശോധനയെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപർ വ്യക്തമാക്കി.
പരിശോധനകൾ തുടരുമെന്നും നിയമലംഘകർ കർശനമായ നടപടികൾ നേരിടേണ്ടിവരുമെന്നും അതോറിറ്റി മുന്നറിയിപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.