ജി.സി.സി രാജ്യങ്ങൾക്കായുള്ള ഐ.സി.ആർ.സി പ്രാദേശിക
പ്രതിനിധി സംഘം തലവൻ മമദൗ സൗ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: വിവിധ അന്താരാഷ്ട്ര മാനുഷിക സംഘടനകളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ കുവൈത്ത് ശ്രദ്ധാലുവാണെന്ന കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ചെയർമാൻ അംബാസഡർ ഖാലിദ് അൽ മാഗെയിംസ്. അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയുമായി (ഐ.സി.ആർ.സി) സഹകരിച്ച് കെ.ആർ.സി.എസ് സംഘടിപ്പിച്ച അന്താരാഷ്ട്ര മാനുഷിക നിയമത്തെക്കുറിച്ചുള്ള വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനുഷിക വിഷയങ്ങളിൽ കുവൈത്ത് വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണക്കുന്ന രാജ്യങ്ങളിൽ കുവൈത്ത് മുൻപന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സംഘടനകളുമായും ഐ.സി.ആർ.സിയുമായും സഹകരിച്ച് ഇവ തുടരാനുള്ള താൽപ്പര്യവും വ്യക്തമാക്കി. പ്രാദേശികമായും അന്തർദേശീയമായും പ്രതിസന്ധികളും ദുരന്തങ്ങളും നേരിടുന്നവർക്കു സഹായം നൽകുന്നതിന് കെ.ആർ.സി.എസ് സമർപ്പിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.ആർ.സി.എസുമായുള്ള പങ്കാളിത്തത്തിൽ ജി.സി.സി രാജ്യങ്ങൾക്കായുള്ള ഐ.സി.ആർ.സി പ്രാദേശിക പ്രതിനിധി സംഘം തലവൻ മമദൗ സൗ അഭിമാനം പ്രകടിപ്പിച്ചു.
അന്താരാഷ്ട്ര മാനുഷിക നിയമത്തിനായി വാദിക്കുന്നതിലും അതിന്റെ മൂല്യങ്ങളും തത്ത്വങ്ങളും സംരക്ഷിക്കുന്നതിലും കെ.ആർ.സി.എസിന്റെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആശയങ്ങളും തത്ത്വങ്ങളും ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്. മൂന്ന് ദിവസത്തെ വർക്ക്ഷോപ്പിൽ വിവിധ കുവൈത്ത് മന്ത്രാലയങ്ങൾ, സ്ഥാപനങ്ങൾ, അസോസിയേഷനുകൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.