കുവൈത്ത് സിറ്റി: പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പണം അവസാനിച്ചതോടെ സ്ഥാനാർഥികൾ പ്രചാരണ രംഗത്ത് സജീവമായിത്തുടങ്ങി. രാജ്യം അതിന്റെ വഴിത്തിരിവിൽ പ്രധാന ഘട്ടത്തിലാണെന്നും വേഗത്തിലുള്ളതും അടിസ്ഥാനപരവുമായ പരിഷ്കാരങ്ങൾക്കായി മികച്ചവരെ തെരഞ്ഞെടുക്കുക എന്നുമാണ് ഭൂരിപക്ഷവും മുന്നോട്ടുവെക്കുന്ന പ്രധാന മുദ്രാവാക്യം. രാഷ്ട്രീയ സ്ഥിരതക്ക് യാഥാർഥ്യബോധമുള്ള പ്രവർത്തനപരിപാടിയും വ്യക്തമായ കാഴ്ചപ്പാടും ഉള്ളവരെ വിജയിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. ഈ മാസം 29ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ 376 പേരാണ് പത്രിക നൽകിയത്. 22വരെ പത്രിക പിൻവലിക്കാൻ അവസരമുണ്ട്. അഭ്യന്തര മന്ത്രാലയത്തിലെ പ്രത്യേക കമ്മിറ്റി പത്രികകളിൽ സൂക്ഷ പരിശോധന നടത്തിവരികയാണ്. കൃത്യവും വ്യക്തവുമല്ലാത്ത പത്രികൾ തള്ളാനുള്ള അവകാശം കമ്മിറ്റിക്കുണ്ട്. കമ്മിറ്റി നിരസിക്കുന്ന പക്ഷം സഥാനാർഥികൾക്ക് കോടതിയെ സമീപിക്കാനും അവകാശമുണ്ട്. ഇതിനെല്ലാം ശേഷമാകും അന്തിമ പട്ടിക നിലവിൽ വരുക.
കഴിഞ്ഞ മാസമാണ് ദേശീയ അസംബ്ലി പിരിച്ചുവിട്ടത്. 2020 ഡിസംബറിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 20 മാസത്തിനുള്ളിലായിരുന്നു ഇത്. സർക്കാറും പ്രതിപക്ഷ എം.പിമാരും തമ്മിൽ ഉടലെടുത്ത രൂക്ഷമായ തർക്കങ്ങളാണ് പാർലമെന്റ് പിരിച്ചുവിടാൻ അമീറിനെ നിർബന്ധിതനാക്കിയത്. തുടർന്ന് പുതിയ പ്രധാനമന്ത്രി വരുകയുമുണ്ടായി. മുൻ സ്പീക്കർ മർസൂഖ് അൽ ഗാനിം ഇത്തവണ മത്സരരംഗത്തില്ല. അതേസമയം, പിരിച്ചുവിട്ട സഭയിലെ 44 സഥാനാർഥികൾ ഇത്തവണയും പത്രിക നൽകിയിട്ടുണ്ട്. നിരവധി മുൻ എം.പിമാരും വനിതകളുടെ വലിയൊരു നിരയും രംഗത്തുണ്ട്. 50 അംഗ സഭയിലേക്ക് അഞ്ചു മണ്ഡലങ്ങളിൽ നിന്നായി 10 പേർ വീതമാണ് പ്രതിനിധികളായി എത്തുക. മത്സരം കടുത്തതായിരിക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.