കുവൈത്ത് സിറ്റി: ലണ്ടനിൽ നടക്കുന്ന ഭിന്നശേഷിയുള്ളവരുടെ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കുവൈത്തി താരത്തിന് സ്വർണം. 100 മീറ്റർ വീൽചെയർ ഒാട്ട മത്സരത്തിലാണ് കുവൈത്തി പൗരനായ അഹ്മദ് അൽ മുതൈരി ജേതാവായത്. രണ്ട് ബ്രിട്ടീഷ് താരങ്ങളെ പിന്തള്ളി 17 സെക്കൻഡിലാണ് അദ്ദേഹം 100 മീറ്റർ താണ്ടിയത്.
ഇൗ വിജയം അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കുവൈത്തി ജനത എന്നിവർക്ക് സമർപ്പിക്കുന്നതായി ടീമിനെ നയിക്കുന്ന അൻവർ അൽ മുതവ്വ പറഞ്ഞു.
നേരത്തേ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന പാരാലിമ്പിക്സ് ഒളിമ്പിക്സിലും 100 മീറ്റർ വീൽചെയർ മത്സരത്തിൽ അഹ്മദ് നക അൽ മുതൈരി സ്വർണം നേടിയിരുന്നു. 2012ൽ ലണ്ടനിൽ നടന്ന പാരാലിമ്പിക്സ് ഒളിമ്പിക്സിൽ ഇതേ ഇനത്തിൽ ഫൈനലിലെത്തിയിരുന്നു. വീൽചെയർ ബാസ്കറ്റ്ബാളിലും മികവ് തെളിയിച്ചിട്ടുണ്ട് ഈ മിടുക്കൻ. ദോഹയിൽ നടന്ന ഐ.പി.സി വേൾഡ് ചാമ്പ്യൻഷിപ്പിലും 100 മീറ്ററിൽ സ്വർണമണിഞ്ഞു. 2014ലെ ഇഞ്ചിയോൺ ഏഷ്യൻ പാരാ ഗെയിംസിൽ 100 മീറ്റർ, 200 മീറ്റർ ഇനങ്ങളിൽ വെള്ളിമെഡൽ നേടി. ജന്മനാ സെറിബ്രൽ പാൾസി അസുഖമുള്ള അൽ മുതൈരിക്ക് അരക്കെട്ടിന് താഴെ അൽപം മാത്രമേ ചലനശേഷിയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.