പ്രദർശനത്തിൽ പങ്കെടുത്തവർ
കുവൈത്ത് സിറ്റി: സമ്പന്നമായൊരു ഭൂതകാലത്തിന്റെ അവിസ്മരണീയ ചിഹ്നങ്ങളും അതിജീവന കഥകളുമായി കുവൈത്തിലെ ഫലസ്തീൻ എക്സിബിഷൻ. ഇസ്രായേൽ അധിനിവേശത്തിലും ആക്രമണത്തിലും ദിവസവും തകർന്നു കൊണ്ടേയിരിക്കുന്ന ഒരു പ്രദേശത്തിന്റെ സാംസ്കാരിക അടയാളപ്പെടുത്തൽ കൂടിയായി എക്സിബിഷൻ. ഫലസ്തീൻ സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രാദേശികമായി നിർമിച്ച ഉൽപന്നങ്ങൾ എക്സിബിഷന്റെ ഭാഗമായി കുവൈത്തിലെത്തി.
കുവൈത്തിലെ ഫലസ്തീൻ എംബസി, വനിത കൾചറൽ ആൻഡ് സോഷ്യൽ സൊസൈറ്റി എന്നിവയുടെ സഹകരണത്തിലാണ് പ്രദർശനം സംഘടിപ്പിച്ചത്. ആയിരം വർഷത്തിലേറെ പഴക്കമുള്ള ഫലസ്തീൻ കൈ തുന്നൽ കലയായ തത്രീസ് സംരക്ഷണം, സ്ത്രീകളുടെ ശാക്തീകരണം എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രധാനമായും പ്രദർശനം ഒരുക്കിയത്. പ്രദർശനത്തിലെ വിൽപ്പനയുടെ മൂന്നിലൊന്ന് നേരിട്ട് ഫലസ്തീൻ വനിതാ കരകൗശല വിദഗ്ധർക്ക് ലഭിക്കും.
ഫലസ്തീനികൾക്ക് വെറുമൊരു പ്രദർശനം മാത്രമല്ല ഇത്. പൈതൃകം സംരക്ഷിക്കുന്നതിനും നഷ്ടപ്പെട്ട പാരമ്പര്യങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള പോരാട്ടമാണ്. നിരവധി കുടുംബങ്ങൾക്ക് അതിജീവനമാർഗവും. ജോർഡനിലെ അഭയാർഥി ക്യാമ്പുകളിലും, ഫലസ്തീനിലെ തകർന്ന നഗരത്തിലും, ഒലീവ് ഫാമുകളിലും പ്രയാസകരമായ ജീവിതം നയിക്കുന്ന കുടുംബങ്ങൾക്ക് ഇതിൽ നിന്നുള്ള വരുമാനം വലിയ പിന്തുണയായി മാറുന്നു.
ഫലസ്തീനിൽ നിന്ന് കുടിയിറക്കപ്പെട്ട് ജോർഡനിലെ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന സ്ത്രീകൾ കഠിനമായ ജീവിത സാഹചര്യങ്ങളിൽക്കിടയിൽ നിന്നാണ് മനോഹരമായ തത്രീസ് നെയ്തുക്കളിൽ ഏർപ്പെടുന്നത്. വർഷങ്ങൾക്കുമുമ്പ് ഫലസതീൻ സ്ത്രീകൾ ഒഴിവുസമയങ്ങളിൽ സമാധാനപരമായി ഇരുന്ന് നെയ്തുക്കളിലും കരകൗശല നിർമാണത്തിലും ഏർപ്പെടുമായിരുന്നു.
ഇന്ന് അത് നിലക്കുകയും യുവതലമുറക്ക് പലതും നഷ്ടപ്പെടുകയും ചെയ്തു. ഇസ്രായേൽ അതിക്രമത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള പല കരകൗശല തൊഴിലുകളും വംശനാശത്തിന്റെ വക്കിലെത്തി.
ചുരുക്കം ഫലസ്തീൻ കരകൗശല വിദഗ്ധർ മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. ഫലസ്തീൻ കർഷകരുടെ സഹനശക്തിയുടെ പ്രതീകങ്ങളായ ഒലീവ് ഓയിൽ, ഭക്ഷണ ഇനങ്ങൾ, വസ്ത്രങ്ങൾ, ഫലസ്തീൻ കഫിയ, പാത്രങ്ങൾ, കുട്ടികളുടെ കഥകൾ, പാചകപുസ്തകങ്ങൾ, ഗൈഡുകൾ, മറ്റു പുസ്തകങ്ങൾ, ഫലസ്തീൻ രക്തസാക്ഷികളുടെയും പോരാട്ടത്തിന്റെയും കഥകൾ പറയുന്ന ഫോട്ടോ പ്രദർശനം എന്നിവയും എക്സിബിഷന്റെ ഭാഗമായി ഒരുക്കിയിരുന്നു. 1990 മുതൽ കുവൈത്തിൽ വർഷത്തിൽ രണ്ടുതവണ ഈ പ്രദർശനം നടന്നു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.