കുവൈത്ത് സിറ്റി: കടുത്ത ചൂടിന്റെ മൂന്നു മാസങ്ങൾ പിന്നിട്ടിട്ടും രാജ്യത്ത് ഉയർന്ന താപനില തുടരുന്നു. സെപ്റ്റംബർ ആദ്യവാരം പിന്നിടുന്നതോടെ താപനിലയിൽ കുറവുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്.ജൂൺ മുതൽ ആഗസ്റ്റ് അവസാനം വരെയാണ് രാജ്യത്ത് ഉയർന്ന ചൂടുകാലമായി കണക്കാക്കുന്നത്. സെപ്റ്റംബറോടെ പതിയെ താപനില കുറഞ്ഞു തുടങ്ങും. എന്നാൽ ഈ വർഷം സെപ്റ്റംബർ 10 പിന്നിട്ടിട്ടും രാജ്യത്ത് ചൂടിന് കുറവില്ല. കനത്തചൂട് കണക്കിലെടുത്ത് രാജ്യത്ത് നടപ്പാക്കിയ പകൽ സമയത്തെ തൊഴിൽ നിയന്ത്രണം ആഗസ്റ്റിൽ അവസാനിച്ചിരുന്നു.
വ്യാഴം, വെള്ളി ദിവസങ്ങളിൽ കനത്ത ചൂടാണ് അനുഭവപ്പെട്ടത്. അടുത്ത ഏതാനും ദിവസങ്ങളിലും രാജ്യത്തുടനീളം ഉയർന്ന ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നിഗമനം. ഇന്ത്യൻ സീസണൽ ന്യൂനമർദത്തിന്റെ സ്വാധീനമാണ് ചൂട് തുടരുന്നതിന് കാരണം. ശനിയാഴ്ച 45 ഡിഗ്രി വരെ താപനില പ്രതീക്ഷിക്കുന്നു. അടുത്ത ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതിനാല്‍ തുറസ്സായ മേഖലകളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി വ്യക്തമാക്കി. പൊടിക്കാറ്റിനും ഉയർന്ന ചൂടിനും മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഉണർത്തി.
അതേസമയം, ഈ മാസം പകുതിയോടെ ചൂട് കുറയുമെന്നാണ് സൂചന. 22ന് വേനൽക്കാലത്തിന്റെ ഔദ്യോഗിക അവസാനമാകുമെന്നാണ് കണക്കുകൂട്ടൽ. 27ന് രാജ്യത്ത് ശരത്കാലം ആരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഒക്ടോബറിലും നവംബർ പകുതി വരെയും രാജ്യത്ത് മിത ശീതോഷ്ണ കാലാവസ്ഥയായിരിക്കും. നവംബറോടെ തണുപ്പ് കാലം ആരംഭിക്കും. ഡിസംബറിൽ കടുത്ത തണുപ്പിലേക്ക് പ്രവേശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.