ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് ഉദ്യോസഥരുമായി യോഗത്തിൽ
കുവൈത്ത് സിറ്റി: മേഖലയിലും രാജ്യത്തുമുള്ള പ്രത്യേക സാഹചര്യത്തിലും ശുഭാപ്തിവിശ്വാസത്തോടെ കുവൈത്ത്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഉത്തരവാദിത്തബോധത്തോടെയും ഏകോപനത്തോടെയും കടമകൾ നിർവഹിക്കുന്നതായും ഈ അടിയന്തരാവസ്ഥ മറികടക്കുമെന്നും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് പറഞ്ഞു.
സിവിൽ ഡിഫൻസ് ഓപറേഷൻസ് റൂം സന്ദർശിക്കുന്നതിനിടയിൽ പ്രതികരിക്കുകയായിരുന്നു ശൈഖ് ഫഹദ്. പൊതുതാൽപര്യത്തിനായി നൽകുന്ന നിർദേശങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഉണർത്തി. പരാതികൾ ബന്ധപ്പെട്ട സ്ഥാപനങ്ങൾ വഴി ഉടനടി കൈകാര്യം ചെയ്യും. ആളുകളെയും സ്വത്തുക്കളെയും സംരക്ഷിക്കുന്നതിനായി സൈറണുകൾ സജീവമാക്കിയതായും അറിയിച്ചു.
ജോയിന്റ് സിവിൽ ഡിഫൻസ് ഓപറേഷൻസ് റൂമിൽ നടന്ന ഉന്നതതല യോഗത്തിൽ പ്രവർത്തന നടപടിക്രമങ്ങൾ അവലോകനം ചെയ്തു. ഉയർന്ന തലത്തിലുള്ള ജാഗ്രതയും തയാറെടുപ്പും തുടരാനും മന്ത്രി നിർദേശിച്ചു. ഏകീകൃത ശ്രമങ്ങളും ജീവനും സ്വത്തിനും സംരക്ഷണം നൽകലും ദേശീയ മുൻഗണനയായി തുടരുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
രാജ്യത്തെ ലക്ഷ്യമിടുന്ന മിസൈലുകൾ തടയുന്നതിന്റെ ചിത്രങ്ങൾ സംപ്രേഷണം ചെയ്യുകയോ, പങ്കിടുകയോ ചെയ്താൽ നടപടിയെടുക്കും. ബന്ധപ്പെട്ട സ്ഥാപനങ്ങൾ പ്രസിദ്ധീകരിക്കാത്ത ഫോട്ടോയോ ദൃശ്യങ്ങളോ പ്രസിദ്ധീകരിക്കരുത്. പ്രസിദ്ധീകരിക്കാൻ അർഹതയുള്ളത് ഔദ്യോഗിക ചാനലുകൾ പുറത്തുവിടും. നിയമലംഘകർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രസ്താവനകൾ പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.