കുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) വിദേശകാര്യ മന്ത്രിമാരുടെ യോഗം ശക്തമായ ഭാഷയിൽ അപലപിച്ചു. വീഡിയോ കോൺഫറൻസ് വഴി ചേർന്ന അടിയന്തര യോഗത്തിൽ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ മന്ത്രിമാർ ചർച്ച ചെയ്തു. ഏതെങ്കിലും ഒരു അംഗരാജ്യത്തിന് നേരെയുള്ള ആക്രമണം കൗൺസിലിലെ മുഴുവൻ രാജ്യങ്ങൾക്കും എതിരായ നേരിട്ടുള്ള ആക്രമണമായി കണക്കാക്കുമെന്ന് യോഗം പ്രഖ്യാപിച്ചു.
ആക്രമണം രാജ്യങ്ങളുടെ പരമാധികാരം, അയൽപക്ക ബന്ധങ്ങൾ, അന്താരാഷ്ട്ര നിയമങ്ങൾ, യു.എൻ പ്രമേയങ്ങൾ എന്നിവയുടെ നഗ്നമായ ലംഘനമാണെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി. സിവിലിയന്മാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്ക് വിരുദ്ധമാണ്. അംഗരാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണെന്നും സംയുക്ത പ്രതിരോധ കരാർ അനുസരിച്ച് ഇതിനെ നേരിടുമെന്നും മന്ത്രിമാർ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭാ ചാർട്ടറിലെ ആർട്ടിക്കിൾ (51) പ്രകാരം വ്യക്തിഗതമായും കൂട്ടായും സ്വയം പ്രതിരോധിക്കാനുള്ള നിയമപരമായ അവകാശം ജി.സി.സി രാജ്യങ്ങൾക്കുണ്ടെന്നും യോഗം ഓർമിപ്പിച്ചു. മിസൈലുകളെയും ഡ്രോണുകളെയും തടയുകയും നിർവീര്യമാക്കുകയും ചെയ്ത അംഗരാജ്യങ്ങളിലെ സായുധ സേനകളെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെയും കൗൺസിൽ അഭിനന്ദിച്ചു.
മേഖലയിലെ സുരക്ഷയും വിതരണ ശൃംഖലകളുടെ സുഗമമായ നീക്കവും ഉറപ്പാക്കാൻ ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണം. അറേബ്യൻ ഗൾഫ് മേഖലയിലെ സ്ഥിരത ആഗോള സമ്പദ്വ്യവസ്ഥയുടെയും ഊർജ വിപണിയുടെയും നിലനിൽപ്പിന് അത്യാവശ്യമാണെന്നും കൗൺസിൽ ഓർമിപ്പിച്ചു. ആക്രമണങ്ങളെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി അപലപിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. യു.എൻ സുരക്ഷാ കൗൺസിൽ അടിയന്തരമായി ഇടപെടണം. പ്രതിസന്ധി ഘട്ടത്തിൽ പിന്തുണ അറിയിച്ച സൗഹൃദ രാജ്യങ്ങൾക്ക് ജി.സി.സി നന്ദി രേഖപ്പെടുത്തി. പ്രശ്നപരിഹാരത്തിന് എപ്പോഴും സംഭാഷണത്തിന്റെ പാതയാണ് ആഗ്രഹിക്കുന്നതെന്നും ഇതിനായി ഒമാൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾ പ്രശംസനീയമാണെന്നും മന്ത്രിമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.