കുവൈത്ത് സിറ്റി: രാജ്യത്ത് ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവർക്കും അസാധുവായ ലൈസൻസുകൾ ഉപയോഗിക്കുന്നവർക്കുമെതിരായ നടപടികൾ കർശനമാക്കുന്നു. വാഹനങ്ങൾ ഓടിക്കുന്നവരെയും ലക്ഷ്യമിട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരുന്ന നടപടികൾ നിയമലംഘനങ്ങൾ തടയുന്നതിനും ലൈസൻസ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കൽ ലക്ഷ്യമിടുന്നു.
പുതിയ നിയമങ്ങൾ പ്രകാരം ലൈസൻസില്ലാതെയോ അസാധുവായ ലൈസൻസ് ഉപയോഗിച്ചോ, റദ്ദാക്കിയതോ താൽക്കാലികമായി നിർത്തിവെച്ചതോ ആയ ലൈസൻസ് ഉപയോഗിച്ചോ വാഹനം ഓടിച്ചാൽ നടപടി ഉറപ്പാണ്. കേസ് കോടതിയിലേക്ക് റഫർ ചെയ്താൽ ശിക്ഷകളിൽ മൂന്നു മാസം വരെ തടവും 150 ദീനാർ മുതൽ 300 ദീനാർ വരെ പിഴയും അല്ലെങ്കിൽ ഈ പിഴകളിൽ ഏതെങ്കിലും ലഭിക്കാം.
എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം അധികൃതർ ഉണർത്തി. വാഹനം കൈമാറുന്നതിന് മുമ്പ് ഉടമകൾ ഡ്രൈവർമാരുടെ ലൈസൻസ് സ്റ്റാറ്റസ് പരിശോധിച്ച് നിയമപരമായ ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പുതിയ നിയന്ത്രണങ്ങൾ അശ്രദ്ധമായ ഡ്രൈവിങിനും അനധികൃത വാഹന ഓട്ടത്തിനും തടയിടുമെന്ന് പ്രതീക്ഷിക്കുന്നു.
പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി പ്രത്യേക കാമ്പയിനുകൾ ആരംഭിക്കും.
റോഡ് സുരക്ഷ ഉറപ്പാക്കൽ , അപകടങ്ങൾ കുറക്കൽ എന്നിവയുടെ ഭാഗമാണ് ഈ നടപടി. കർശനമായ പിഴകൾ നടപ്പിലാക്കുന്നതോടെ സുരക്ഷിതവും കൂടുതൽ ഉത്തരവാദിത്തമുള്ളതുമായ ഡ്രൈവിങ് സംസ്കാരം വളർത്തിയെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.