കുവൈത്ത് സിറ്റി: കുവൈത്തിൽ താമസിക്കുന്ന നിശ്ചിത വിഭാഗം പ്രവാസികൾക്കായി ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച പുതിയ സിവിൽ ഐഡി കാർഡുകൾ പുറത്തിറക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനം.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഉൂദ് അസ്സബാഹ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.
കുവൈത്തിൽ സ്വന്തമായി വസ്തുവകകൾ ഉള്ള പ്രവാസികൾക്കും നിക്ഷേപക നിയമപ്രകാരം കുവൈത്തിൽ നിക്ഷേപം നടത്തിയിട്ടുള്ള വിദേശികൾക്കുമാണ് പുതിയ ചിപ്പ് ഘടിപ്പിച്ച കാർഡുകൾ ലഭിക്കുക.
വസ്തു ഉടമകളായ പ്രവാസികൾക്ക് 10 വർഷം കാലാവധിയുള്ള സിവിൽ ഐഡിയും വിദേശ നിക്ഷേപകർക്ക് 15 വർഷം കാലാവധിയുള്ള സിവിൽ ഐഡിയുമാണ് അനുവദിക്കുക. വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും കൃത്യമായി പരിശോധിക്കാനും പുതിയ നിയമം സഹായിക്കും.
കാർഡിലെ വിവരങ്ങൾ പരിഷ്കരിക്കാനും ചിപ്പിലെ ഡാറ്റാ ഘടനയിൽ മാറ്റങ്ങൾ വരുത്താനുമുള്ള അധികാരം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഡയറക്ടർ ജനറലിനായിരിക്കും. നിലവിലുള്ള സിവിൽ ഐഡി നിയമങ്ങൾ ഈ പുതിയ തീരുമാനത്തോടൊപ്പം തുടർന്നും പ്രാബല്യത്തിലുണ്ടാകും. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നത് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.