കുവൈത്ത് സഹായ വസ്തുക്കൾ അയക്കുന്ന വിമാനത്തിനരികെ കെ.ആർ.സി.എസ് പ്രവർത്തകർ
കുവൈത്ത് സിറ്റി: ഗസ്സയിലെ ജനങ്ങൾക്ക് 10 ടൺ മെഡിക്കൽ സാമഗ്രികളും മറ്റു സഹായവസ്തുക്കളുമായി കുവൈത്തിന്റെ 16ാമത് വിമാനം ഈജിപ്തിലെത്തി. ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിൽനിന്ന് ഇവ റഫ അതിർത്തി വഴി ഗസ്സയിലെത്തിക്കും.
ദുഷ്കരമായ മാനുഷിക സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഗസ്സയിലെ ഫലസ്തീൻ ജനതക്ക് ആശ്വാസവും വൈദ്യസഹായവും എത്തിക്കുന്നത് തുടരുമെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്മെന്റ് ഡയറക്ടർ ഖാലിദ് അൽ സെയ്ദ് പറഞ്ഞു.
32 ദിവസത്തിലേറെയായി തുടരുന്ന ഇസ്രായേൽ അധിനിവേശ ആക്രമണഫലമായി ഗസ്സയിലെ ആയിരക്കണക്കിന് പേർ രക്തസാക്ഷികളാകുകയും പതിനായിരങ്ങൾക്ക് മുറിവേൽക്കുകയും ചെയ്തു.
ഇതിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണെന്നും ഖാലിദ് അൽ സെയ്ദ് പറഞ്ഞു. ഗസ്സയുടെ എല്ലാ ഭാഗങ്ങളിലും സുരക്ഷിതമായ രീതിയിൽ മാനുഷിക സഹായം എത്തിക്കാൻ അനുവദിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ഊർജസ്രോതസ്സുകൾ ആവശ്യമുള്ള ആരോഗ്യമേഖലയിൽ ഇത് അനിവാര്യമാണ്. ഗസ്സയിലേക്ക് ഡീസൽ പ്രവേശനം നിരോധിച്ചിരിക്കുന്നതും ആശുപത്രികൾ ഊർജപ്രതിസന്ധി നേരിടുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.