മലപ്പുറം ജില്ല അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: മലപ്പുറം ജില്ല അസോസിയേഷൻ (മാക്) വാർഷിക മെഗാ കലാ-സാംസ്കാരിക പരിപാടി ‘മാമാങ്കം’ വെള്ളിയാഴ്ച. സംഘടനയുടെ എട്ടാം വാർഷിക നിറവിൽ നടത്തുന്ന പരിപാടിക്ക് വെള്ളിയാഴ്ച വൈകീട്ട് നാലിന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽ തിരിതെളിയും.
സിനിമ പിന്നണി ഗായകർ ജാസിം ജമാൽ, എസ്.കെ.കീർത്തന, ഗായികയും സിനിമ താരവുമായ വർഷ പ്രസാദ്, കൊളോണിയൽ കസിൻസ് ഓഫ് കേരള ഷാൻ ആൻഡ് ഷാ എന്നിവരുടെ പരിപാടിയാണ് ‘മാമാങ്ക’ത്തിലെ മുഖ്യ ആകർഷണം. മാക് അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ പരിപാടികളും ഇതോടൊപ്പം നടക്കും. മലപ്പുറത്തിന്റെ കലാസാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന ഒരു കലാവിരുന്ന് ‘മാമാങ്ക’ത്തിലൂടെ കുവൈത്തിലെ കാണികൾക്ക് മുന്നിലെത്തുമെന്നും ഫഹാഹീൽ കാലിക്കറ്റ് ലൈവ് റസ്റ്റാറന്റിൽ നടന്ന വാർത്തസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.
സംഘടനയുടെ പ്രാരംഭഘട്ടം മുതൽ പ്രവാസികളുടെ തൊഴിൽ പ്രശ്നങ്ങളിലും സാമൂഹ്യ-സേവന മേഖലയിലും മാക് ഇടപെട്ടുവരുന്നു. 2018ലെ പ്രളയം, കോവിഡ് സമയങ്ങളിൽ സംഘടന വലിയ ഇടപെടൽ നടത്തി.
മലപ്പുറം ജില്ലയിലെ പെയിൻ ആൻഡ് പാലിയേറ്റിവ് യൂനിറ്റുകൾക്ക് ധനസഹായവും ജീവൻ രക്ഷാ ഉപകരണങ്ങളും നൽകി. പ്രസിഡറ്റ് അഡ്വ.മുഹമ്മദ് ബഷീർ, ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ പുറക്കയിൽ, മാമാങ്കം ജനറൽ കൺവീനർ ബിജു ഭാസ്കർ, മുഖ്യ രക്ഷാധികാരി ഷറഫുദ്ദീൻ കണ്ണത്ത് , മാമാങ്കം ജനറൽ കോഓഡിനേറ്റർ വാസുദേവൻ മമ്പാട്, ഹോസ്പിറ്റാലിറ്റി പാർട്ണർ ഡോ.അബ്ദുല്ല ഹംസ, കൺവീനർമാരായ അഷറഫ് ചേറൂട്ട്, അഡ്വ. ജസീന ബഷീർ, കോഓഡിനേറ്റർ അഭിലാഷ് കളരിക്കൽ , പ്രോഗ്രാം കൺവീനർ അനസ് തയ്യിൽ, ട്രഷറർ പ്രജിത്ത് മേനോൻ, വനിത വിങ് ചെയർപേഴ്സൻ അനു അഭിലാഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.