കുവൈത്ത് സിറ്റി: സാൽമിയ, ഹവല്ലി മേഖലകളിൽ മോറൽസ് പ്രൊട്ടക്ഷൻ ഇൻവെസ്റ്റിഗേഷൻ സംഘം നടത്തിയ പരിശോധനയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 15 പേരെ അറസ്റ്റ് ചെയ്തു.
മൂന്ന് മസാജ് സ്ഥാപനങ്ങളിൽനിന്നായാണ് ഇവരെ പിടികൂടിയത്. പണത്തിനു പകരമായി സാൽമിയ, ഹവല്ലി പ്രദേശങ്ങളിലെ മസാജ് സ്ഥാപനങ്ങളിൽ ഇവർ അധാർമിക പ്രവൃത്തികളിൽ ഏർപ്പെട്ടുവന്നിരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായവർ വിവിധ രാജ്യക്കാരായ പ്രവാസികളാണ്.
ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി പ്രതികളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി. ദിവസങ്ങൾക്കുമുമ്പ് സാൽമിയയിലെ മറ്റൊരു മസാജ് സെന്ററിൽനിന്ന് അഞ്ചു പുരുഷന്മാരെ സദാചാര സംരക്ഷണത്തിനായുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
രാജ്യത്ത് പൊതുധാർമികത ലംഘിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പരിശോധന നടത്തി വരുകയാണ്. കഴിഞ്ഞ ദിവസം വീട് കേന്ദ്രീകരിച്ച് അനാശാസ്യപ്രവർത്തനങ്ങൾ നടത്തിവന്ന സംഭവത്തിൽ ജിലീബ് അൽ ഷുയൂഖ് ഭാഗത്ത് എട്ടു പേർ പിടിയിലായിരുന്നു.
പണത്തിനു പകരമായി വീട് കേന്ദ്രീകരിച്ച് ഇവർ പൊതു ധാർമികതക്ക് വിരുദ്ധമായ പ്രവൃത്തികൾ നടത്തിവരുകയായിരുന്നു. പരിശോധനകൾ തുടരുമെന്നും പൊതു ധാർമികത ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.