ഗസ്സയിലേക്ക് സഹായവസ്തുക്കളുമായി കുവൈത്തിന്റെ ആദ്യ വിമാനം നാളെ

കുവൈത്ത് സിറ്റി: കടുത്ത പട്ടിണിയും ദുരിതവും തുടരുന്ന ഗസ്സയിലേക്ക് കുവൈത്തിന്റെ അടിയന്തര മാനുഷിക സഹായം എത്തിക്കുന്ന പദ്ധതിക്ക് ഞായറാഴ്ച തുടക്കമാകും. കുവൈത്ത് അബ്ദുല്ല അൽ മുബാറക് എയർ ബേസിൽ നിന്ന് ഈജിപ്തിലെ അൽ അർഷ് വിമാനത്താവളത്തിൽ സഹായവസ്തുക്കൾ എത്തിച്ച് അവിടെ നിന്ന് ഗസ്സയിൽ എത്തിക്കുന്നതാണ് പദ്ധതി. സഹായവുമായുള്ള ആദ്യ വിമാനം ഞായറാഴ്ച പുറപ്പെടുമെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ചെയർമാൻ ഖാലിദ് അൽ മുഗാമിസ് അറിയിച്ചു. കുവൈത്ത് സാമൂഹിക, പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളുടെ സഹകരണത്തിലും ഈജിപ്ത്, ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റികളുടെ ഏകോപനത്തോടെയുമാകും ഗസ്സയിൽ സഹായം എത്തിക്കുക.

കുവൈത്ത് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനിയുമായി സഹകരിച്ച് അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ തയാറാക്കുകയും അവ പ്രത്യേക ലോജിസ്റ്റിക്കൽ ടീം വഴി അബ്ദുല്ല അൽ മുബാറക് എയർ ബേസിലേക്ക് എത്തിക്കുകയും ചെയ്യും. സാധനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വിദേശകാര്യ, പ്രതിരോധ, സാമൂഹിക കാര്യ മന്ത്രാലയങ്ങൾ നൽകുന്ന ഏകോപനത്തെയും പിന്തുണയെയും ഖാലിദ് അൽ മുഗാമിസ് അഭിനന്ദിച്ചു. ഗസ്സയിലേക്ക് സഹായവസ്തുക്കൾ എത്തുന്നത് ഉറപ്പാക്കാൻ ഈജിപ്ത് റെഡ് ക്രസന്റുമായുള്ള തുടർച്ചയായ ഏകോപനം നടന്നുവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗസ്സയിലെ ജനങ്ങളെ സഹായിക്കുന്നതിനായുള്ള കാമ്പയിനിൽ പങ്കാളികളായ പൊതുജനങ്ങളെയും ജീവകാരുണ്യ, മാനുഷിക സംഘടനകളുടെയും ഫൗണ്ടേഷനുകളെയും അദ്ദേഹം പ്രശംസിച്ചു.

ഗസ്സയിലെ ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിനായി കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയം ആരംഭിച്ച മൂന്നു ദിവസത്തെ അടിയന്തര ദുരിതാശ്വാസ കാമ്പയിനിൽ 6,546,078 ദീനാർ ശേഖരിച്ചിരുന്നു (ഏകദേശം 21.4 ദശലക്ഷം യു.എസ് ഡോളർ). ഇതിന് പിറകെയാണ് സഹായവസ്തുക്കൾ ഗസ്സയിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചത്.

Tags:    
News Summary - Kuwait's first aid flight to Gaza tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.