മനുഷ്യാവകാശകാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ ശൈഖ ജവഹർ ഇബ്രാഹിം ദുഐജ് അസ്സബാഹ് തുനീഷ്യൻ മന്ത്രി അസ്മ ജാബ്രിയക്കൊപ്പം
കുവൈത്ത് സിറ്റി: മനുഷ്യാവകാശകാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ ശൈഖ ജവഹർ ഇബ്രാഹിം ദുഐജ് അസ്സബാഹ് തുനീഷ്യൻ കുടുംബം, സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരുടെ മന്ത്രി അസ്മ ജാബ്രിയുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തും തുനീഷ്യയും തമ്മിലുള്ള സംയുക്ത സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
നവംബറിൽ ഖത്തർ തലസ്ഥാനമായ ദോഹയിൽ നടക്കാനിരിക്കുന്ന സാമൂഹിക വികസന ഉച്ചകോടിക്കുള്ള തയാറെടുപ്പിനായി തുനീഷ്യൻ തലസ്ഥാനത്ത് നടന്ന ഉന്നതതല അറബ് മേഖല യോഗത്തിനിടെയായിരുന്നു കൂടിക്കാഴ്ച.
സ്ത്രീകൾ, കുട്ടികൾ, കുടുംബങ്ങൾ, പ്രായമായവർ എന്നീ മേഖലകളിലെ വിവിധ പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ചചെയ്തു. തുനീഷ്യൻ സ്ത്രീകളുടെ ചരിത്രവും പോരാട്ടവും രേഖപ്പെടുത്തുന്ന സെന്റർ ഫോർ റിസർച്, സ്റ്റഡീസ്, ഡോക്യുമെന്റേഷൻ ആൻഡ് ഇൻഫർമേഷൻ ഓൺ വുമൺ ശൈഖ ജവഹർ സന്ദർശിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പ്രതിരോധിക്കുന്നതിനായുള്ള ദേശീയ നിരീക്ഷണാലയവും സന്ദർശിച്ചു. സെന്റർ പ്രവർത്തനവും സ്ത്രീകളുടെ കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള രീതിശാസ്ത്രവും മനസ്സിലാക്കി.
തുനീഷ്യൻ സ്ത്രീകളുടെ മുന്നേറ്റത്തിന് സെന്റർ നടത്തുന്ന ശ്രമങ്ങളെ ശൈഖ ജവഹർ പ്രശംസിച്ചു.
സ്ത്രീകളെ അക്രമത്തിൽനിന്ന് സംരക്ഷിക്കുന്നതിന് സംഭാവന ചെയ്യുന്ന വനിത ഒബ്സർവേറ്ററി നൽകുന്ന സേവനങ്ങളെയും അവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.