കുവൈത്ത് സിറ്റി: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശം സംബന്ധിച്ച് കുവൈത്ത് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഹരജി സമർപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പ്രമേയം പ്രകാരം കുവൈത്ത് വിദേശകാര്യ മന്ത്രാലയവും ഹേഗിലെ നയതന്ത്ര ദൗത്യവും മുഖേനയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഐ.സി.ജെ)സമീപിച്ചത്.
ഫലസ്തീൻ പ്രദേശങ്ങളിലെ യു.എൻ ഉദ്യോഗസ്ഥരുടെ സുരക്ഷ, സംരക്ഷണം എന്നിവ ഉൾപ്പെടെയുള്ള യു.എൻ ചാർട്ടറിന്റെയും ഐക്യരാഷ്ട്രസഭ കൺവെൻഷന്റെയും നയങ്ങൾ ഇസ്രായേൽ ലംഘിക്കുന്നത് ഹരജിയിൽ എടുത്തുകാണിച്ചതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും പാലിക്കേണ്ടതിന്റെയും ഗസ്സയിലെ ആക്രമണവും കടന്നുകയറ്റവും അവസാനിപ്പിക്കേണ്ടതിന്റെയും ആവശ്യകതയും ചൂണ്ടിക്കാട്ടി.
ഫലസ്തീനിൽ അവശ്യ സേവനങ്ങളും മാനുഷിക സഹായങ്ങളും എത്തിക്കുന്നതിനും അന്താരാഷ്ട്ര സംഘടനകളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനും മറ്റു രാജ്യങ്ങളും സംഘടനകളും സമർപ്പിച്ച വാദങ്ങൾക്കും ഐ.സി.ജെ അർഹമായ പരിഗണന നൽകുമെന്ന് കുവൈത്ത്കാര്യ മന്ത്രാലയം വിശ്വാസം പ്രകടിപ്പിച്ചു. ഫലസ്തീൻ ലക്ഷ്യത്തിനും ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങൾക്കും കുവൈത്ത് തങ്ങളുടെ ഉറച്ചതും അചഞ്ചലവുമായ പിന്തുണയും ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.