കുവൈത്ത് സിറ്റി: ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ നിലവിലെ സ്ഥാനം സ്ഥിരപ്പെടുത്തി കുവൈത്ത്. ലോകരാജ്യങ്ങളുടെ പട്ടികയിൽ 55ാം സ്ഥാനത്താണ് കുവൈത്ത്. കുവൈത്ത് പാസ്പോർട്ടുള്ളവർക്ക് 99 രാജ്യങ്ങൾ വിസയില്ലാതെ സഞ്ചരിക്കാം. കഴിഞ്ഞ വർഷവും ഇതേ നിലയിലായിരുന്നു രാജ്യം.
പട്ടികയിൽ എട്ടാം സഥാനത്തുള്ള യു.എ.ഇയാണ് ജി.സി.സിയിൽ മുന്നിൽ. യു.എ.ഇ പാസ്പോർട്ട് ഉള്ളവർക്ക് 184 രാജ്യങ്ങളിലേക്ക് വിസരഹിതമായി സഞ്ചരിക്കാം. 52ാം സഥാനത്തുള്ള ഖത്തർ പൗരൻമാർക്ക് 111 രാജ്യങ്ങളിലേക്കും, 57ാം സഥാനത്തുള്ള സൗദി അറേബ്യൻ പാസ്പോർട്ടുള്ളവർക്ക് 90 രാജ്യങ്ങളിലേക്കും വിസരഹിതമായി സഞ്ചരിക്കാം. ബഹ്റൈൻ പട്ടികയിൽ 59ാം സ്ഥാനത്തും ഒമാൻ 60ാം സ്ഥാനത്തുമാണ്.യ ഥാക്രമം 88, 87 രാജ്യങ്ങളിലേക്കാണ് ബഹ്റൈൻ, ഒമാൻ പാസ്പോർട്ട് ഉള്ളവർക്ക് വിസയില്ലാതെ യാത്ര ചെയ്യാനാകുക.
അതേസമയം, പട്ടികയിൽ ഇന്ത്യൻ പാസ്പോർട്ട് 85ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് വിസയില്ലാതെ 57 രാജ്യങ്ങളാണ് സന്ദർശിക്കാനാവുക. മുൻവർഷം ഇന്ത്യ സൂചികയിൽ 80ാം സ്ഥാനത്തായിരുന്നു. 193 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ ചെല്ലാൻ കഴിയുന്ന സിംഗപ്പൂരാണ് പട്ടികയിൽ ഒന്നാമത്. ദക്ഷിണ കൊറിയ (190 രാജ്യങ്ങൾ), ജപ്പാൻ (189 രാജ്യങ്ങൾ) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
സൂചികയിൽ അഫ്ഗാനിസ്താനാണ് (24 രാജ്യങ്ങൾ) അവസാന സ്ഥാനത്ത്. സിറിയ, ഇറാഖ് എന്നിവയാണ് അഫ്ഗാനിസ്താനാണ് തൊട്ടുമുന്നിൽ. ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹെൻലി ആന്റ് പാർട്ണേഴ്സ് ആണ് പട്ടിക പുറത്തിറക്കുന്നത്. വിസ ആവശ്യമില്ലാതെ സഞ്ചരിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം അനുസരിച്ച്, ലോകത്തിലെ പാസ്പോർട്ടുകളെ എല്ലാവർഷവും പട്ടികപ്പെടുത്തുന്നതാണ് സൂചിക. 227 രാജ്യങ്ങളാണ് പട്ടികയിൽ ആകെ ഉൾപ്പെടുത്തിയത്. യു.എൻ അംഗീകരിച്ച 193 പാസ്പോർട്ടുകളും ആറ് ടെറിട്ടറികളുമാണ് പട്ടികക്കായി പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.