കുവൈത്ത് സിറ്റി: കുവൈത്തിൽനിന്നുള്ള മലയാളിയാത്രക്കാരുടെ ദുരിതം തുടരുന്നു. കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ ഒരുദിവസം മാത്രമാക്കി. വെള്ളിയാഴ്ച മാത്രമാകും ഇനി സർവിസ്. നേരത്തെ ആഴ്ചയിൽ ഞായർ, ചൊവ്വ ദിവസങ്ങളിലായി രണ്ട് സർവിസ് ഉണ്ടായിരുന്നു. അടുത്ത വെള്ളിയാഴ്ച മുതൽ പുതിയ ഷെഡ്യൂൾ നിലവിൽ വരും.
കോഴിക്കോട്ടേക്ക് ആഴ്ചയിൽ നിലവിലുള്ള അഞ്ച് ഷെഡ്യൂൾ തുടരും. ബുധൻ, വെള്ളി ഒഴികെയുള്ള ദിവസങ്ങളിലാണ് സർവിസ്. അതേസമയം, തിരക്കേറിയ സീസൺ അവസാനിച്ചതോടെ, ടിക്കറ്റ് നിരക്കിൽ കുറവു വന്നിട്ടുണ്ട്. കണ്ണൂരിലേക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 37 ദീനാറിലും കോഴിക്കോട്ടേക്ക് 43 ദീനാറിലുമെത്തി. ഫെബ്രുവരി 14വരെ യാത്ര ചെയ്യുന്നവർക്ക് ബാഗേജ് 30 കിലോയിൽനിന്ന് 40 കിലോ ആക്കിയിട്ടുണ്ട്.
വിമാന ഷെഡ്യൂൾ വെട്ടിക്കുറക്കുന്നതും വൈകുന്നതും കാരണം യാത്രക്കാർക്ക് പ്രയാസം തുടരുകയാണ്. കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ശനിയാഴ്ചയും വൈകി. രാവിലെ 11.50ന് പുറപ്പെടേണ്ട വിമാനം ഒരുമണിയോടെയാണ് പുറപ്പെട്ടത്. തിങ്കളാഴ്ച ഇതേവിമാനം ഒന്നര മണിക്കൂറിലേറെ വൈകിയിരുന്നു. വിമാനം കോഴിക്കോടുനിന്ന് പുറപ്പെടാൻ വൈകുന്നതാണ് കുവൈത്തിലെ യാത്രക്കാരെ ബാധിക്കുന്നത്.
കണ്ണൂർ, കോഴിക്കോട് ഷെഡ്യൂളുകളാണ് മിക്കപ്പോഴും താളംതെറ്റുന്നത്. രണ്ടിടങ്ങളിലേക്കും എയർ ഇന്ത്യ എക്സ്പ്രസിനെയാണ് മലയാളി യാത്രക്കാർ ഏറെ ആശ്രയിക്കുന്നത്. ഡിസംബർ 26ന് കുവൈത്ത്-കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത് 24 മണിക്കൂറിന് മുകളിൽ യാത്രക്കാരെ വിമാനത്താവളത്തിൽ കുരുക്കിയിരുന്നു. പിറ്റേദിവസം ഉച്ച 12.30ന് പുറപ്പെട്ട കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസിലാണ് തുടർന്ന് കണ്ണൂർ യാത്രക്കാരെ നാട്ടിലെത്തിച്ചത്. കോഴിക്കോട് വിമാനം മംഗളൂരു, കണ്ണൂർ എന്നിവിടങ്ങളിലൂടെ വഴിതിരിച്ചുവിടുകയായിരുന്നു.
കോഴിക്കോട് വിമാനത്തിൽ കണ്ണൂർ യാത്രക്കാരെ ഉൾക്കൊള്ളിച്ചതോടെ ഇതേ വിമാനത്തിൽ കോഴിക്കോട്ടേക്ക് ടിക്കറ്റെടുത്തവർ പുറത്താകുകയുമുണ്ടായി. ഇവരെ രാത്രി ദുബൈ-കോഴിക്കോട് എയർ ഇന്ത്യ വിമാനം കുവൈത്തിലെത്തിച്ച് അതിൽ കയറ്റിവിടുകയായിരുന്നു.അതിന് തൊട്ടുമുന്നിലെ ആഴ്ചയും കണ്ണൂരിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് സർവിസ് താളംതെറ്റി. അഞ്ചു മണിക്കൂറോളം അന്ന് വൈകി.
ഇതിനിടെയാണ് ആഴ്ചയിലെ രണ്ടു സർവിസ് ഒറ്റദിവസമാക്കി ചുരുക്കുന്നത്. അടിയന്തര ആവശ്യങ്ങൾക്കും കുറഞ്ഞ ചെലവിലും യാത്രചെയ്യാൻ ആഗ്രഹിക്കുന്നവരെ ഇത് ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.