ജിബ്രിൽ റജൗബ്
കുവൈത്ത് സിറ്റി: കുവൈത്ത് ജനതയെ അറബ്-ഇസ്ലാമിക മാതൃകയായി വാഴ്ത്തി ഫലസ്തീൻ മന്ത്രി. ഫലസ്തീൻ യുവജന കായിക മന്ത്രിയും സ്കൗട്ട് അസോസിയേഷൻ തലവനുമായ ലെഫ്റ്റനന്റ് ജനറൽ ജിബ്രിൽ റജൗബാണ് കുവൈത്ത് ഇടപെടലുകളെ കുറിച്ച് പരാമർശിച്ചത്. കുവൈത്തിന്റെ മാതൃക അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളിലുടനീളം വ്യാപിക്കുകയും പ്രചോദനത്തിന്റെ ഉറവിടമായി മാറുകയും ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഫലസ്തീൻ ലക്ഷ്യത്തോടുള്ള അഗാധമായ പ്രതിബദ്ധത പ്രകടമാക്കുന്ന അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കുവൈത്ത് സർക്കാർ, ജനങ്ങൾ എന്നിവർക്ക് അദ്ദേഹം നന്ദി അറിയിച്ചു.
ഫലസ്തീൻ ഫുട്ബാൾ ടീമിന്റെ മത്സരത്തിൽ കുവൈത്തിന്റെ ആതിഥ്യമര്യാദ കായിക പ്രകടനത്തിനപ്പുറം നീണ്ടതായി റജൗബ് സൂചിപ്പിച്ചു. വെല്ലുവിളികൾക്കിടയിലും, പ്രതിബദ്ധതയും പ്രതിരോധവും അറബ് ഐക്യദാർഢ്യത്തിന്റെ വിശാലമായ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. അന്താരാഷ്ട്രതലത്തിൽ ഫലസ്തീൻ പ്രശ്നത്തിന്റെ ന്യായമായ കാര്യങ്ങളിൽ യോജിപ്പ് വളർന്നുവരുകയാണ്. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതും അഭയാർഥി പ്രശ്നങ്ങൾ പരിഹരിക്കുന്നതും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ ഏഴിന് സംഭവിച്ചത് ഒരു വഴിത്തിരിവാണെന്ന് രജൗബ് സൂചിപ്പിച്ചു. 75 വർഷമായി ഫലസ്തീൻ ജനത നടത്തുന്ന പ്രതിരോധ യുദ്ധമാണിത്. ഈ സംഭവത്തെ അതിന്റെ പ്രതിരോധ പശ്ചാത്തലത്തിൽ വിലയിരുത്തണം. വർഷങ്ങളായി ഫലസ്തീനികളെ ലക്ഷ്യമിടുന്ന ഏകപക്ഷീയ ഇസ്രായേൽ ആക്രമണങ്ങൾക്കുള്ള പ്രതികരണം മാത്രമായിരുന്നു പ്രത്യാക്രമണം. ഇസ്രായേൽ സൈന്യം ഒരു വലതുപക്ഷ ഫാഷിസ്റ്റ് ശക്തിയാണ്. അവരുടെ വേരുകൾ സവർണ വംശീയതയിലാണ്. അത് ഫലസ്തീനിലെ ജനങ്ങളുടെ അസ്തിത്വം തിരിച്ചറിയുന്നില്ല.
വംശഹത്യ ഉൾപ്പെടെയുള്ള ഈ ഔദ്യോഗിക ഭീകരതയെ സംരക്ഷിക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര സംരക്ഷണം അവർക്ക് ലഭിക്കുന്നു. ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീനിലെ രക്തസാക്ഷികളിൽ 45-50 ശതമാനം കുട്ടികളും 30 ശതമാനം പ്രായമായവരുമാണ്. അതേസമയം അടിസ്ഥാന സൗകര്യങ്ങളുടെ നാശം 50 ശതമാനത്തിലധികമാണെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനി ജനതയുടെ ഇച്ഛാശക്തി തകർക്കുക, നാടുകടത്തുക, നിലനിൽപ്പിന് അനുയോജ്യമല്ലാത്ത ജീവിതസാഹചര്യങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഇസ്രായേൽ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാലു ദിവസത്തെ വെടിനിർത്തലിൽ ജിബ്രിൽ റജൗബ് സന്തുഷ്ടി പ്രകടിപ്പിച്ചു. എന്നാൽ ഉടമ്പടി സമാധാനത്തിനുള്ള മാർഗരേഖയുടെ ഭാഗമായിരിക്കണം. 1985 മുതൽ ഇന്നുവരെ 5,000 തടവുകാരുണ്ട്. ഇത് ചോരയൊഴുകുന്ന മുറിവാണ്, അവരെയെല്ലാം മോചിപ്പിക്കാതെ മുറിവുണങ്ങില്ലെന്നും കൂട്ടിച്ചേർത്തു.
പാർലമെന്ററി ഫോറത്തിൽ എം.പി ഡോ. ഫലാഹ് അൽ ഹജ്രി സംസാരിക്കുന്നു
ഗസ്സക്കാർക്കൊപ്പം നിൽക്കാൻ പാർലമെന്റ് അംഗങ്ങളോട് എം.പി
കുവൈത്ത് സിറ്റി: ഫലസ്തീൻ ലക്ഷ്യത്തോടും ജനങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കാനും തങ്ങളുടെ ജനങ്ങളുടെ ഇഷ്ടം വ്യക്തമാക്കുന്നതിനും ഇസ്രായേൽ നടപടികൾ തുറന്നുകാട്ടുന്നതിനും ലോകമെമ്പാടുമുള്ള പാർലമെന്റ് അംഗങ്ങൾ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണമെന്ന് കുവൈത്ത് എം.പി ഡോ. ഫലാഹ് അൽ ഹജ്രി ആഹ്വാനം ചെയ്തു. ഇന്റർനാഷനൽ ഇസ്ലാമിക ഫോറത്തിന്റെ ഭാഗമായി ‘ഫലസ്തീനെയും ഗസ്സയെയും പിന്തുണക്കുന്നതിൽ പാർലമെന്റേറിയൻമാരുടെ പങ്ക്’ എന്ന പാർലമെന്ററി സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അൽ ഹജ്രി.
പാർലമെന്റംഗങ്ങൾക്ക് നിയമനിർമാണ കൗൺസിലുകളിൽ വലിയ പങ്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നവംബർ ഒന്നിന് കുവൈത്ത് ദേശീയ അസംബ്ലി ഗസ്സയിലെ സയണിസ്റ്റ് ലംഘനങ്ങളെക്കുറിച്ച് സർക്കാറിന്റെ സാന്നിധ്യത്തിലും പങ്കാളിത്തത്തിലും പ്രത്യേക പൊതു സമ്മേളനം സംഘടിപ്പിച്ചതും സൂചിപ്പിച്ചു. വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ഫലസ്തീനികളെ പിന്തുണക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ശിപാർശകളും നിർദേശങ്ങളും മന്ത്രിസഭ പുറപ്പെടുവിച്ചു. പരിക്കേറ്റ ഫലസ്തീനികളെ ചികിത്സക്കായി സ്വീകരിക്കുന്നതിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം സന്നദ്ധത അറിയിച്ചതായും ഡോ. ഫലാഹ് അൽ ഹജ്രി അറിയിച്ചു.
മൂന്ന് ദിവസങ്ങളിലായി ഇസ്തംബൂളിൽ നടക്കുന്ന ഫോറത്തിൽ കുവൈത്ത് ദേശീയ അസംബ്ലി പ്രതിനിധി സംഘത്തെ നയിക്കുന്നത് ഡോ. ഫലാഹ് അൽ ഹജ്രിയാണ്. പാർലമെന്ററി ഡിവിഷൻ സെക്രട്ടറി ഡോ. മുഹമ്മദ് അൽ മഹാൻ, ഡിവിഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഫഹദ് ബിൻ ജമിയ എന്നിവരും സംഘത്തിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.