കുവൈത്ത് സിറ്റി: കുവൈത്ത് ഡൈവ് ടീമിന്റെ എൻവയൺമെന്റൽ വളന്ററി ഫൗണ്ടേഷൻ (ഇ.വി.എഫ്) രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള ഖോർ ഇസ്കന്ദറിൽനിന്ന് പ്ലാസ്റ്റിക്, ഇരുമ്പ് അവശിഷ്ടങ്ങൾ നീക്കി തീരങ്ങൾ വൃത്തിയാക്കി.രാജ്യത്തെ സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ശുചീകരണം. പ്ലാസ്റ്റിക്, മറ്റ് മാലിന്യം എന്നിവയിൽനിന്ന് സമുദ്രത്തെയും സമുദ്രജീവികളെയും സംരക്ഷിക്കുന്നതിനായി യു.എൻ പരിസ്ഥിതി പരിപാടിയുടെ പശ്ചിമേഷ്യൻ മേഖല ഓഫിസ് ആരംഭിച്ച ആഗോള കാമ്പയിനിന്റെ ഭാഗമാണിതെന്നും ഇ.വി.എഫ് ടീം നേതാവ് വലീദ് അൽ ഫാദേൽ പറഞ്ഞു.
ബ്നൈദർ, അൽ സൂർ, ഖൈറാൻ, നുവൈസീബ് എന്നീ തീരങ്ങൾ വൃത്തിയാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മാലിന്യം ബോട്ട് ഗതാഗതത്തിന് ഭീഷണിയാണെന്നും സമുദ്ര അപകടങ്ങൾക്ക് കാരണമാകുമെന്നും നാവിഗേഷനും സമുദ്ര പരിസ്ഥിതിക്കും ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എൻ റിപ്പോർട്ട് പ്രകാരം, വംശനാശഭീഷണി നേരിടുന്ന ആമകൾ ഉൾപ്പെടെ കാൽ ദശലക്ഷം സമുദ്രജീവികൾക്കുപുറമെ, ലോകമെമ്പാടും പ്രതിവർഷം 10 ലക്ഷം പക്ഷികളുടെ മരണത്തിനും പ്ലാസ്റ്റിക് മാലിന്യം കാരണമാകുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
പരിസ്ഥിതി പബ്ലിക് അതോറിറ്റിയുമായി (ഇ.പി.എ) സഹകരിച്ച് ജുദൈലിയാത്ത് തീരദേശ സമുദ്ര സംരക്ഷണ കേന്ദ്രം, ജഹ്റ പ്രകൃതി സംരക്ഷണ കേന്ദ്രം, ഷുവൈഖ്, ആഷിർജ് തീരങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള നിരവധി തീരങ്ങൾ വൃത്തിയാക്കുന്നത് തുടരുമെന്നും വലീദ് അൽ ഫാദേൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.