കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയായ എല്ലാ പ്രവൃത്തിയെയും നേരിടാനും തടയാനും സൈന്യവും സുരക്ഷാ സേനയും പൂർണ്ണ സന്നദ്ധതമാണെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ്. കുവൈത്ത് സായുധ സേന, പൊലീസ്, കുവൈത്ത് നാഷണൽ ഗാർഡ്, ഫയർ ഫോഴ്‌സ് എന്നിവ പൂർണ്ണമായും സജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ ശൈഖ് ഫഹദ് വ്യക്തമാക്കി.
പൗരന്മാർക്കും താമസക്കാർക്കും പൊതു സൗകര്യങ്ങളുടെയും സേവനങ്ങളുടെയും തുടർച്ചയായ പ്രവർത്തനം ഉറപ്പാക്കാൻ എല്ലാ ഏജൻസികളും കൃത്യതയോടെ പ്രവർത്തിക്കുന്നുണ്ട്.
പ്രതിസന്ധികൾ താൽക്കാലികമാണെന്നും വെല്ലുവിളികൾ ദേശീയ ഐക്യത്തെയും ദൈവത്തിലും രാജ്യത്തിന്റെ നേതൃത്വത്തിലുമുള്ള വിശ്വാസത്തെ ശക്തിപ്പെടുത്തുമെന്നും ഉണർത്തിയ ശൈഖ് ഫഹദ് പൗരന്മാരോടും താമസക്കാരോടും ശാന്തത പാലിക്കാൻ ആഹ്വാനം ചെയ്തു.
ഔദ്യോഗിക സുരക്ഷാ അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കുക, സ്ഥിരീകരിച്ച ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കുക, സോഷ്യൽ മീഡിയയിലോ മറ്റ് ചാനലുകളിലോ കിംവദന്തികൾ, തെറ്റായ വാർത്തകൾ സ്ഥിരീകരിക്കാത്ത വിവരങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നത് ഒഴിവാക്കുക. ഇത്തരം പ്രവൃത്തികൾ പൊതു സ്ഥിരതയ്ക്ക് ഭീഷണിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൗരന്മാരെയോ താമസക്കാരെയോ ഭയപ്പെടുത്തുകയും സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് നിയമപരമായ ഉത്തരവാദിത്തം നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.