കുവൈത്ത് സിറ്റി: ഗസ്സയിലെ ദാർ അൽ അർഖം സ്കൂളിലെ അഭയകേന്ദ്രത്തിലെ സിവിലിയന്മാരെ കൊലപ്പെടുത്തുകയും, മരുന്നുകളും ദുരിതാശ്വാസ സാമഗ്രികളും സൂക്ഷിച്ച കെട്ടിടങ്ങൾ നശിപ്പിക്കുകയും ചെയ്ത ഇസ്രായേൽ നടപടിയെ കുവൈത്ത് കടുത്ത ഭാഷയിൽ വിമർശിച്ചു.
ഫലസ്തീനിൽ ഇസ്രായേൽ തുടർച്ചയായി നടത്തിവരുന്ന ആക്രമണങ്ങളെയും അപലപിച്ചു. ഇസ്രായേൽ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. ഫലസ്തീൻ ജനത അനുഭവിക്കുന്ന ദുരന്തത്തിന് അറുതി വരുത്താനും, ആക്രമണം അവസാനിപ്പിക്കാനും, ഗസ്സയിലേക്ക് മാനുഷിക സഹായം അയക്കുന്നതിന് അതിർത്തികൾ തുറന്നുകൊടുക്കാനും ഇടപെടണമെന്നും കുവൈത്ത് ലോക രാജ്യങ്ങളോടും സുരക്ഷാ കൗൺസിലിനോടും ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ഗസ്സയിലെ സ്കൂളിന് മുകളിൽ ഇസ്രായേൽ ബോംബിട്ടത്. കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 27ലധികം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച മുതൽ ഗസ്സയിലുടനീളം ശക്തമായ ആക്രമണമാണ് ഇസ്രായേൽ നടത്തിയത്.
ഈ ആക്രമണത്തിൽ ഇതുവരെ കുറഞ്ഞത് 112 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് കണക്ക്. 2023 ഒക്ടോബർ മുതൽ ഇസ്രായേൽ തുടരുന്ന വംശഹത്യയിൽ 50,523 ഫലസ്തീനികൾ കൊല്ലപ്പെടുകയും 114,638 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് ഗസ്സ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.