നന്ദിയുള്ള മനസ്സും നന്ദി പ്രകടിപ്പിക്കുന്ന പ്രവർത്തനങ്ങളും ഉയർന്ന വ്യക്തിത്വത്തിന്റെ അടയാളങ്ങളാണ്. അത് വെറും വാക്കോ, ഔപചാരികവും സാംസ്കാരികവുമായ ശീലമോ മാത്രമല്ല; നമ്മുടെ ജീവിത മനോഭാവം (attitude) ആയി മാറേണ്ടതുണ്ട്. അനുഗ്രഹ ദാതാവായ അല്ലാഹുവിനോടുള്ള നന്ദിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. അവൻ കൽപിച്ച കാര്യങ്ങൾ അനുസരിക്കുക, നിരോധിച്ച കാര്യങ്ങൾ ചെയ്യാതിരിക്കുക, അനുഗ്രഹങ്ങളെ സ്വന്തം നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നത് പോലെ മറ്റുള്ളവർക്ക് ഉപകരിക്കുന്ന രീതിയിൽ കൂടി വ്യയം ചെയ്യുക, ഒരിക്കലും നന്ദികേട് കാണിക്കാതിരിക്കുക പോലെയുള്ള കാര്യങ്ങളെല്ലാം നന്ദി ചെയ്യുന്നതിന്റെ ഭാഗമാണ്.
മനുഷ്യരോടുള്ള നന്ദിയും പ്രധാനപ്പെട്ടതാണ്. ‘മനുഷ്യരോട് നന്ദി കാണിക്കാത്തവൻ അല്ലാഹുവിനോട് നന്ദി കാണിക്കുന്നില്ല’ എന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. അനുഗ്രഹ ദാതാവിന്റെ ഔദാര്യം മനുഷ്യർ തമ്മിലുള്ള സഹായ സഹകരണങ്ങളിലൂടെ പരസ്പരം പങ്കുവെക്കപ്പെടുന്നു. അതുകൊണ്ട് മനുഷ്യർ പരസ്പരം നന്ദി പ്രകടിപ്പിക്കുന്നത് യഥാർഥ അനുഗ്രഹദാതാവിനോട് നന്ദി കാണിക്കാനുള്ള വഴികളിലൊന്നാണ്. നന്ദി ഒരു ദൈവികഗുണം കൂടിയാണ്. ചെറുതോ വലുതോ ആയ ഏതൊരു അനുഗ്രഹത്തിന്റെയും നന്മയുടെയും മൂല്യം അംഗീകരിക്കലാണത്. ഖുർആനിൽ അല്ലാഹു ‘നന്ദിയുള്ളവൻ’ എന്ന് സ്വയം വിശേഷിപ്പിക്കുന്നുണ്ട്.
നന്ദിയുള്ള മനസ്സ് മനുഷ്യനെ വിനയമുള്ളവനാക്കുന്നു. ലഭിച്ചതിൽ സന്തോഷിക്കാനും ലഭിക്കാത്തതിൽ അസന്തോഷം പുലർത്താതിരിക്കാനും അത് സഹായിക്കുന്നു. നന്ദി മനുഷ്യബന്ധങ്ങളെ ശക്തിപ്പെടുത്തുകയും സമൂഹത്തിൽ സൗഹൃദം വളർത്തുകയും ചെയ്യുന്നു. വിശ്വാസിയുടെ ഉള്ളിൽ നന്ദിയുടെ മനോഭാവം വളർത്തുന്നതിൽ റമദാൻ പങ്ക് വഹിക്കുന്നുണ്ട്. ഖുർആനിലൂടെ സന്മാർഗം ലഭിച്ചതിനുള്ള നന്ദി സൂചകമായിക്കൂടിയാണ് വിശ്വാസികൾ നോമ്പ് അനുഷ്ഠിക്കുന്നത്. വാക്കുകളിൽ മാത്രം ഒതുങ്ങാതെ, ചിന്തയിലും പ്രവർത്തനങ്ങളിലും പ്രകടമാകുന്ന മനോഭാവമായി നന്ദി മാറേണ്ടതുണ്ട്. അത് വിശ്വാസത്തിനും ജീവിതത്തിനും സൗന്ദര്യം നൽകുകയും വ്യക്തിയെ വളർത്തുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.