യുദ്ധവും രാഷ്ട്രീയ സംഘർഷങ്ങളും കാരണം ഏറ്റവും കൂടുതൽ മാനസികവും സാമൂഹികവുമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരിൽ പ്രധാന വിഭാഗമാണ് പ്രവാസി സമൂഹം. സ്വന്തം നാട്ടിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെ കുടുംബത്തിന്റെ ഭാവി മെച്ചപ്പെടുത്താൻ വേണ്ടി ജോലി ചെയ്യുന്ന പ്രവാസികൾക്ക് യുദ്ധസമയങ്ങളിൽ വലിയ ആശങ്കകളും ഭയങ്ങളും നേരിടേണ്ടി വരുന്നു. യുദ്ധം ആരംഭിക്കുമ്പോൾ താമസിക്കുന്ന രാജ്യത്തിന്റെ അവസ്ഥ എന്താകും, ജോലി തുടരാൻ കഴിയുമോ, നാട്ടിലേക്ക് മടങ്ങേണ്ടി വരുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ പ്രവാസികളുടെ മനസ്സിൽ ഉയരും.
പലപ്പോഴും വിമാന സർവീസുകൾ നിർത്തിവെക്കപ്പെടുകയും ഗതാഗത സംവിധാനങ്ങൾ തടസപ്പെടുകയും ചെയ്യുമ്പോൾ നാട്ടിലേക്ക് മടങ്ങാനുള്ള വഴികളും അനിശ്ചിതമാകും. സാമ്പത്തിക പ്രശ്നങ്ങളും വലിയ വെല്ലുവിളിയാണ്. പ്രവാസികളുടെ വരുമാനത്തെ ആശ്രയിച്ചാണ് പല കുടുംബങ്ങളും മുന്നോട്ടുപോകുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെടുകയോ ശമ്പളം വൈകുകയോ ചെയ്താൽ കുടുംബത്തെയും ബാധിക്കും. കുട്ടികളുടെ പഠനം, ചികിത്സ, വീടിന്റെ ചിലവുകൾ എന്നിവയെല്ലാം തകരാറിലാകും.മാനസികമായും പ്രവാസികൾ വലിയ സമ്മർദം അനുഭവിക്കുന്നു. കുടുംബാംഗങ്ങളെ ക്കുറിച്ചുള്ള ആശങ്കയും, സ്വന്തം സുരക്ഷയെക്കുറിച്ചുള്ള ഭയവും ഒരേസമയം മനസ്സിൽ നിറയും.
വിമാന സർവിസുകൾ നിലച്ചിരിക്കുന്ന സമയങ്ങളിൽ പ്രവാസികൾ മരണപ്പെടുകയാണെങ്കിൽ അവരുടെ മൃതശരീരം നാട്ടിലേക്ക് എത്തിക്കാനും വലിയ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരുന്നത്. നാട്ടിൽ മരണപ്പെടുന്ന സ്വന്തം പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാൻ പോലും കഴിയാത്തതിന്റെ വേദനയും പ്രവാസികൾ അനുഭവിക്കേണ്ടി വരുന്നു. ഇത്തരം സാഹചര്യങ്ങളിൽ സമൂഹത്തിന്റെ ഐക്യവും പരസ്പര സഹായവും വളരെ പ്രധാനമാണ്. പ്രവാസികൾ തമ്മിലുള്ള സഹകരണം, സംഘടനകളുടെ പിന്തുണ, സർക്കാർ സംവിധാനങ്ങളുടെ ഇടപെടൽ എന്നിവ പ്രവാസികൾക്ക് വലിയ ആശ്വാസമാണ്. യുദ്ധം മനുഷ്യരാശിക്ക് ഒരിക്കലും നല്ല ഫലങ്ങൾ നൽകുന്നില്ല. അതിന്റെ ഏറ്റവും വലിയ വില സാധാരണ ജനങ്ങളാണ് അനുഭവിക്കുന്നത്. അതുകൊണ്ട് തന്നെ ലോകം സമാധാനത്തിനായി ഒന്നിച്ചുനിൽക്കുകയും മനുഷ്യജീവിതത്തിന്റെ സുരക്ഷയും മാന്യതയും സംരക്ഷിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.