വിജയത്തിനു ശേഷം കുവൈത്ത് ടീമിന്റെ ആഹ്ലാദം
കുവൈത്ത് സിറ്റി: മോറിത്താനിയയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തറപറ്റിച്ച് കുവൈത്തിന് ഫിഫ അറബ് കപ്പ് യോഗ്യത. ഖത്തർ തലസ്ഥാനമായ ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന നിർണായക മത്സരത്തിൽ മുഹമ്മദ് ദഹാം നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിലാണ് കുവൈത്ത് അവസാന 16 ടീമുകളിൽ ഇടം പിടിച്ചത്. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ മുഹമ്മദ് ദഹാം കുവൈത്തിനായി ആദ്യ ഗോൾ നേടി. 23ാം മിനിറ്റിൽ രണ്ടാം ഗോളും സുരക്ഷിതമായ നിലയിലെത്തിച്ചു.
രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച മോറിത്താനിയക്ക് കുവൈത്ത് പ്രതിരോധത്തെ മറികടക്കാനായില്ല. ഡിസംബർ ഒന്നുമുതൽ 18 വരെ ഖത്തറിലെ വിവിധ വേദികളിലായാണ് ഏഷ്യ, ആഫ്രിക്ക മേഖലകളിൽനിന്നുള്ള അറബ് ടീമുകൾ മത്സരിക്കുന്ന അറബ് കപ്പ്. ലോകഫുട്ബാളിലെ ഒരുപിടി പവർഹൗസുകളായ ടീമുകളും ഫുട്ബാളിനെ നെഞ്ചേറ്റിയ ആരാധക സംഘങ്ങളുമായി ഏറെ ശ്രദ്ധേയമാണ് അറബ് കപ്പ്. ഖത്തർ, തുനീഷ്യ, സിറിയ, ഫലസ്തീൻ (ഗ്രൂപ്-എ), മൊറോക്കോ, സൗദി അറേബ്യ, ഒമാൻ, കൊമോറോസ് (ഗ്രൂപ്-ബി), ഈജിപ്ത്, ജോർഡൻ, യു.എ.ഇ, കുവൈത്ത് (ഗ്രൂപ്-സി), അൾജീരിയ, ഇറാഖ്, ബഹ്റൈൻ, സുഡാൻ (ഗ്രൂപ്-ഡി) എന്നിങ്ങനെയാണ് ടീം ഗ്രൂപ്പുകൾ. ടീമുകൾ പരസ്പരം മത്സരത്തിൽ ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർ നോക്കൗട്ട് റൗണ്ടിൽ പ്രവേശിക്കും.
ഡിസംബർ രണ്ടിന് ഈജിപ്ത്, ആറിന് ജോർഡൻ, ഒമ്പതിന് യു.എ.ഇ ടീമുകളുമായി കുവൈത്ത് ഏറ്റുമുട്ടും. 1964,1992,1998 മൂന്നാം സ്ഥാനത്തെത്തി അറബ് കപ്പ് മികച്ച പ്രകടനം നടത്തിയിരുന്നു കുവൈത്ത്.
2012ൽ ഗ്രൂപ് സ്റ്റേജിൽ പുറത്തായ കുവൈത്തിന് 2021 ൽ
ചാമ്പ്യൻഷിപ് പുനരാരംഭിച്ച മത്സരത്തിൽ യോഗ്യത നേടാനായില്ല. ഇത്തവണ മികച്ച പ്രകടനത്തോടെ മുന്നേറ്റം നടത്താനാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.