കുവൈത്ത് സിറ്റി: കേരള അസോസിയേഷന്‍ കുവൈത്ത് നല്‍കുന്ന തോപ്പില്‍ ഭാസി സ്മാരക അവാര്‍ഡിന് കവി കുരീപ്പുഴ ശ്രീകുമാറിനെ തെരഞ്ഞെടുത്തു.
കെ.പി.എ.സി എന്ന നാടക സംഘത്തിന്‍െറ മുഖ്യശില്‍പിയും ജന്മി നാടുവാഴി വ്യവസ്ഥയെ കടപുഴക്കി ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന് കരുത്തേകിയ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിന്‍െറ രചയിതാവും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന തോപ്പില്‍ ഭാസിയുടെ സ്മരണാര്‍ഥം നല്‍കുന്ന അഞ്ചാമത് അവാര്‍ഡ് മാര്‍ച്ച് 10ന് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ വിതരണം ചെയ്യും. ‘തോപ്പില്‍ ഭാസി പുരസ്കാര സന്ധ്യ’ എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവാര്‍ഡ് സമ്മാനിക്കും. സി.പി.ഐ അസി. സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ സത്യന്‍ മൊകേരി, മുന്‍ വനം മന്ത്രിയും സി.പി.ഐ നേതാവുമായ ബിനോയ് വിശ്വം, കേരള അസോസിയേഷന്‍ കുവൈത്ത് രക്ഷാധികാരി സി. സാബു എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
ആധുനികാനന്തര തലമുറയിലെ കവിയും പുരോഗമന ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ആശയപോരാട്ടം നടത്തുന്നയാളുമെന്നതാണ് കുരീപ്പുഴ ശ്രീകുമാറിന് പുരസ്കാരം നല്‍കാന്‍ പ്രേരണയായതെന്ന് ജൂറി വിലയിരുത്തി. തോപ്പില്‍ ഭാസി അനുസ്മരണ പ്രഭാഷണം സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി നിര്‍വഹിക്കും. തുടര്‍ന്ന് ജയരാജ് വാര്യര്‍ അവതരിപ്പിക്കുന്ന കാരിക്കേച്ചര്‍ ഷോയും കുവൈത്തിലെ കലാകാരന്‍ ബിജു തിക്കോടിയും സംഘവും അവതരിപ്പിക്കുന്ന ഗാനസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്. വാര്‍ത്താസമ്മേളനത്തില്‍ ജൂറി അംഗവും കേരള അസോസിയേഷന്‍ രക്ഷാധികാരിയുമായ സി. സാബു, അസോസിയേഷന്‍ പ്രസിഡന്‍റ് മണിക്കുട്ടന്‍ എടക്കാട്ട്, സെക്രട്ടറി പ്രവീണ്‍ നന്തിലത്, ട്രഷറര്‍ ശ്രീനിവാസന്‍ മുനമ്പം, പ്രോഗ്രാം കണ്‍വീനര്‍ സാബു എം. പീറ്റര്‍, ജനറല്‍ കോഓഡിനേറ്റര്‍ ശ്രീംലാല്‍ മുരളി എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.