കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക കുവൈത്ത് ന്യൂസ് ഏജൻസി (കുന) ആക്ടിങ് ഡയറക്ടർ ജനറൽ മുഹമ്മദ് അൽ മന്നായിയുമായി കൂടിക്കാഴ്ച നടത്തി. മാധ്യമ മേഖലയിൽ സംയുക്ത സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ഇരുവരും ചർച്ചചെയ്തു.
കുന ആസ്ഥാനത്ത് നടന്ന യോഗത്തിൽ ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധങ്ങളെ പിന്തുണക്കുന്നതിലും നേതൃത്വങ്ങളുടെയും ജനങ്ങളുടെയും കാഴ്ചപ്പാടുകൾ കൂടുതൽ അടുപ്പിക്കുന്നതിലും മാധ്യമങ്ങളുടെ പങ്കിന്റെ പ്രാധാന്യവും ഇരുവരും ഊന്നിപ്പറഞ്ഞു. മാധ്യമ മേഖലയിലെ വൈദഗ്ദ്ധ്യം കൈമാറുന്നതിന്റെയും സഹകരണത്തിന്റെയും സംയുക്ത പരിശീലനത്തിന്റെയും പ്രാധാന്യവും ചൂണ്ടിക്കാട്ടി.
വാർത്തകൾ കൈകാര്യം ചെയ്യുന്നതിൽ കുനയുടെ ശ്രമങ്ങളെയും വസ്തുനിഷ്ഠമായ സമീപനത്തെയും പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ കുവൈത്ത് നിലപാട് എടുത്തുകാണിക്കുന്നതിൽ അതിന്റെ പങ്കിനെയും അംബാസഡർ ഡോ. ആദർശ് സ്വൈക പ്രശംസിച്ചു.
കുവൈത്തുമായുള്ള ഉഭയകക്ഷി ബന്ധം എല്ലാ തലങ്ങളിലും പ്രത്യേകിച്ച് മാധ്യമങ്ങളിൽ ഏകീകരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ അദ്ദേഹം സൂചിപ്പിച്ചു. എഡിറ്റോറിയൽ സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഇസ്സാം അൽ ഘനേം, മാർക്കറ്റിങ് ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ലാമിയ അൽ ഫാർസി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.