കുവൈത്ത് സിറ്റി: പുതിയ വ്യോമയാന കരാറിന്റെ ഭാഗമായി കുവൈത്ത് സർവിസുകൾ വർധിപ്പിക്കാൻ ഇന്ത്യൻ വിമാനക്കമ്പനികൾ. ഇരുരാജ്യങ്ങളും അടുത്തിടെ ഒപ്പുവെച്ച വ്യോമയാന കരാർ പ്രകാരം ഇന്ത്യക്കും കുവൈത്തിനുമിടയിൽ ആഴ്ചയിൽ 6,000 സീറ്റുകൾ കൂടുതൽ അനുവദിച്ചു. ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികൾ ആഗസ്റ്റ് മുതൽ കുവൈത്തിലേക്ക് പുതിയ സർവിസ് ആരംഭിക്കാൻ പദ്ധതി ആരംഭിച്ചു.
ആവശ്യമായ സ്ലോട്ടുകൾ ഉറപ്പാക്കുന്നതിനായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളവുമായി ഏകോപനം നടന്നുവരുന്നതായി എയർലൈൻ കമ്പനി അധികൃതർ അറിയിച്ചു. ഇൻഡിഗോ കുവൈത്ത് സിറ്റിയിലേക്ക് ആഴ്ചയിൽ ഏകദേശം 5,000 അധിക സീറ്റ് തേടുന്നതായാണ് റിപ്പോർട്ട്. എയർ ഇന്ത്യ എക്സ്പ്രസും ആകാശ എയറും ഏകദേശം 3,000 സീറ്റ് വീതം ആവശ്യപ്പെട്ടേക്കും. എയർ ഇന്ത്യ 1,500 സീറ്റ് ലക്ഷ്യമിടുന്നു.
ചെന്നൈ, കൊച്ചി, ബംഗളൂരു, തിരുവനന്തപുരം തുടങ്ങി, കൂടുതൽ യാത്രക്കാരുള്ള നഗരങ്ങളിൽ നിന്നായിരിക്കും പുതിയ സർവിസുകൾ. ജൂലൈ 16നാണ് ഇന്ത്യൻ സിവിൽ ഏവിയേഷൻ സെക്രട്ടറി സമീർ കുമാർ സിൻഹയും കുവൈത്ത് ഡി.ജി.സി.എ പ്രസിഡന്റ് ശൈഖ് ഹമൂദ് അൽ മുബാറക്കും കരാര്‍ ഒപ്പ് വെച്ചത്. ഇതുപ്രകാരം ആഴ്ചയിലെ സീറ്റ് ക്വാട്ട 12,000ൽ നിന്ന് 18,000 ആയി ഉയർത്തിയിരുന്നു. 18 വർഷത്തിനുശേഷം ആദ്യമായാണ് ഇത്തരത്തില്‍ വലിയ വർധന. നിലവില്‍ ഇരുരാജ്യങ്ങൾക്കുമിടയിൽ ദിനേന 40 ഓളം സർവിസാണുള്ളത്. ആഴ്ചയില്‍ 54 സർവിസുമായി കുവൈത്ത് എയർവേയ്സും 36 സർവിസുമായി ഇൻഡിഗോയുമാണ് പ്രധാന ഓപ്പറേറ്റർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.