കുവൈത്ത് സിറ്റി: കുവൈത്തിൽ ശൈത്യകാല തമ്പുകൾക്ക് ലൈസൻസ് അനുവദിക്കുന്നത് നീട്ടിവെ ച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു.
അപ്രതീക്ഷിതമായുണ്ടായ മഴയിൽ മരുപ്രദേശങ്ങൾ വാസയോഗ്യമല്ലാതായതിനാലാണ് ലൈസൻസ് വിതരണം അനിശ്ചിതകാലത്തേക്ക് നീട്ടിയത്. നേരത്തേ ഈമാസം 15നും പിന്നീട് 18നും ലൈസൻസ് വിതരണം ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചിരുന്നു. എന്നാൽ, നിലവിലെ പ്രത്യേക സാഹചര്യത്തിൽ മരുഭൂമിയിൽ ആളുകൾ താമസിക്കുന്നത് അപകടകരമാണെന്ന സിവിൽ ഡിഫൻസ് കമ്മിറ്റിയുടെ ശിപാർശ പരിഗണിച്ചാണ് ലൈസൻസ് വിതരണം അനിശ്ചിതകാലത്തേക്ക് നീട്ടിയത്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് അനുഭവപ്പെട്ട കനത്ത മഴയിൽ മരുപ്രദേശങ്ങളിൽ വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നു.
മണ്ണ് നനഞ്ഞിരിക്കുന്നതിനാൽ വഴുതിവീഴാനും വാഹനങ്ങൾ ചളിയിൽ പുതയാനും സാധ്യതയുണ്ട്.
തമ്പുകൾക്കായി മുനിസിപ്പാലിറ്റി ഏറ്റെടുത്തിരുന്ന ചില ഭാഗങ്ങളിലേക്കുള്ള റോഡുകൾ വെള്ളപ്പൊക്കത്തിൽ തകർന്നിട്ടുമുണ്ട്. കുത്തിയൊലിക്കുന്ന മഴയിൽ ഗൾഫ് യുദ്ധകാലത്ത് ഉപേക്ഷിക്കപ്പെട്ട കുഴിബോംബുകൾ പുറത്തേക്ക് വരാനുള്ള സാധ്യതയുമുണ്ട്. ഇതെല്ലം ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളിലെയും വിവിധ സർക്കാർ വകുപ്പുകളിലെയും പ്രതിനിധികൾ ഉൾപ്പെട്ട സിവിൽ ഡിഫൻസ് കമ്മിറ്റി തമ്പുകൾ പണിയുന്നത് നീട്ടിവെക്കണമെന്ന് ശിപാർശ ചെയ്തത്. രാജ്യത്തിെൻറ മൂന്നു ദിക്കുകളിലായി 18 ഇടങ്ങളിൽ 616 ചതുരശ്ര കിലോമീറ്റർ മരുപ്രദേശം തമ്പുകൾ പണിയുന്നതിനായി മുനിസിപ്പാലിറ്റി നിർണയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.