കുവൈത്ത് സിറ്റി: സിവിൽ ഐഡി കാർഡ് ലഭിക്കാൻ വാടക കരാറുകൾ വ്യാജമായി നിർമ്മിച്ച് നൽകിയ പ്രവാസിയെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പിടികൂടി. 180 ദീനാർ വാങ്ങിയാണ് ഇയാൾ വ്യാജ വാടക കരാർ നിർമിച്ചു നൽകിയിരുന്നത്.
ഒന്നിലധികം പ്രവാസികൾ ഒരേ വിലാസങ്ങളിൽ രജിസ്റ്റർ ചെയ്തതായ സൂചനയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. അന്വേഷണത്തിൽ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്‍ സമർപ്പിച്ച നിരവധി വാടക കരാറുകൾ വ്യാജമാണെന്ന് കണ്ടെത്തി.
ഇത് ചോദ്യം ചെയ്യാനായി പ്രവാസികളെ വിളിച്ചുവരുത്തിയപ്പോൾ തട്ടിപ്പുനടത്തിയ ആളെക്കുറിച്ച് സൂചന നൽകുകയായിരുന്നു. റിയൽ എസ്റ്റേറ്റ് കമ്പനി പ്രതിനിധി എന്ന നിലക്കാണ് പ്രതി ഇവരെ സമീപിച്ചിരുന്നത്. വാടക കരാറിന് 180 ദീനാർ നൽകിയതായും ഓരോരുത്തരും സമ്മതിച്ചു.
കൂടുതൽ അന്വേഷണത്തിൽ പ്രതി ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയുടെ മുൻ പ്രതിനിധിയാണെന്ന് തിരിച്ചറിഞ്ഞു. കമ്പനി ഒരു വർഷത്തിലേറെ മുമ്പ് അദ്ദേഹത്തിന്റെ ജോലി അവസാനിപ്പിച്ചിരുന്നു. എന്നാൽ പ്രതി നിരവധി ഔദ്യോഗിക കമ്പനി സീലുകളും രേഖകളും സൂക്ഷിച്ചിരുന്നതായും വ്യാജ കരാറുകൾ നിർമ്മിക്കാൻ ഇവ ഉപയോഗിച്ചതായും കണ്ടെത്തി. വസതിയിൽ നടത്തിയ പരിശോധനയിൽ നിരവധി കമ്പനി സീലുകളും ടെംപ്ലേറ്റുകളും അധികൃതർ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.