കുവൈത്ത് സിറ്റി: പ്രമുഖ കമ്പനികളുടെ വ്യാജപതിപ്പുമായി സോഷ്യൽ മീഡിയയിൽ ഓൺലൈൻ തട്ടിപ്പുകാർ സജീവം. പ്രശസ്ത ബ്രാൻഡുകളെ അനുകരിക്കുന്ന അക്കൗണ്ടുകൾ സൃഷ്ടിച്ച് ഹാക്കർമാർ പലരൂപത്തിൽ പ്രത്യക്ഷപ്പെടുമെന്ന് ഇലക്ട്രോണിക് മീഡിയ യൂനിറ്റ് സൈബർ സുരക്ഷാസംഘം മേധാവി മുഹമ്മദ് അൽ റാഷിദി പറഞ്ഞു. വ്യാജ ഓഫറുകളും ഡിസ്കൗണ്ടുകളുമായാകും തട്ടിപ്പുകാരുടെ വരവ്.
ഔദ്യോഗിക വെബ്സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനുകളും മാത്രമാണ് ഇടപാടുകൾക്ക് ഉപയോഗിക്കുന്നതെന്ന് ഉപഭോക്താക്കൾ ഉറപ്പാക്കണമെന്നും ഔദ്യോഗിക ആപ്ലിക്കേഷനുകൾ കൂടുതൽ സുരക്ഷിതവും ആൾമാറാട്ടം നടത്താൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം ഉണർത്തി.
ബാങ്ക് കാർഡ് വിവരങ്ങൾ നൽകി വ്യാജ പ്ലാറ്റ്ഫോമുകൾ വഴി ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കണം. ലിങ്കുകളുടെ സുരക്ഷ പരിശോധിക്കുന്നതിനായി നിരവധി വെബ്സൈറ്റുകൾ നിലവിലുണ്ട്. ഇത് ഉപയോക്താക്കളെ വെബ്സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും വേർതിരിച്ചറിയാൻ സഹായിക്കുന്നു. സോഷ്യൽ മീഡിയ വഴിയുള്ള തട്ടിപ്പുകളെ കുറിച്ച് കുവൈത്ത് നാഷനൽ ബാങ്കും അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.
അടുത്തിടെ ഫേസ്ബുക്കിലെ വ്യാജ പരസ്യത്തിൽ വീണു കുവൈത്ത് നിവാസിക്ക് നഷ്ടപ്പെട്ടത് 75 ദീനാർ. ആകർഷകമായ ഓഫർ കണ്ട് ക്ലിക്ക് ചെയ്തതാണ് തട്ടിപ്പിലേക്ക് നയിച്ചത്. ഓഫർ നിയമാനുസൃതമാണെന്ന് വിശ്വസിച്ചു ബാങ്ക് വിശദാംശങ്ങളും എസ്.എം.എസ് വഴി ലഭിച്ച ഒ.ടി.പിയും ഇദ്ദേഹം കൈമാറി. നിമിഷങ്ങൾക്കുള്ളിൽ ഇദ്ദേഹത്തിന്റെ ബാക്ക് അക്കൗണ്ടിൽനിന്ന് 75 ദീനാറിന്റെ രണ്ട് അനധികൃത പിൻവലിക്കലുകൾ നടന്നു. തുടർന്ന് അദ്ദേഹത്തിന് ബാങ്കിൽനിന്ന് അസാധാരണമായ പ്രവർത്തനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ഇതോടെ ഹാക്കർ അക്കൗണ്ടിലേക്ക് പ്രവേശിച്ചതായി മനസ്സിലാക്കി ഉടൻ അക്കൗണ്ട് മരവിപ്പിക്കുകയായിരുന്നു.
വൻ ഓഫർ കണ്ട് പ്രമുഖ കമ്പനിയുടെ ഓൺലൈൻ സൈറ്റിൽ കയറി വസ്ത്രങ്ങളും മറ്റും ഓഡർ ചെയ്ത മലയാളിയും തട്ടിപ്പിനിരയായി. വസ്ത്രങ്ങൾ ഓഡർ ചെയ്ത് ഓൺലൈൻ വഴി പണവും അടച്ചു ഡെലിവറി തീയതിക്കായുള്ള കാത്തിരിപ്പിലായിരുന്നു ഇദ്ദേഹം. പറഞ്ഞ തീയതി കഴിഞ്ഞിട്ടും വസ്തുക്കൾ എത്തിയില്ല. ഇതോടെ സൈറ്റിൽ കയറി നോക്കാം എന്നു കരുതിയെങ്കിലും അങ്ങനെയൊരു സൈറ്റ് കണ്ടുകിട്ടിയതേ ഇല്ല. അപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി ഇദ്ദേഹം തിരിച്ചറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.