കുവൈത്ത് സിറ്റി: വിമാനത്താവളത്തിൽ അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവർ ഭയപ്പെടേണ്ട. കുവൈത്ത് വിമാനത്താവളത്തിൽ ഇതിനായി 20 ഓട്ടോമേറ്റഡ് എക്സ്റ്റേണൽ കാർഡിയാക് ഡിഫിബ്രിലേറ്ററുകൾ (എ.ഇ.ഡി) സ്ഥാപിച്ചു.
നിർണായക സാഹചര്യങ്ങളിൽ വേഗത്തിൽ പ്രതികരിക്കാനും അതിജീവന സാധ്യത വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. വ്യക്തമായ ഓഡിയോ, വിഷ്വൽ നിർദേശങ്ങളോടെയാണ് ഉപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.
ഹൃദയമിടിപ്പ് അപകടകരമാംവിധം ക്രമരഹിതമാകുമ്പോൾ സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കാൻ സഹായിക്കുന്ന ഉപകരണമാണ് കാർഡിയാക് ഡിഫിബ്രിലേറ്റർ. വൈദ്യ പരിശീലനം ഇല്ലാത്തവർക്കുപോലും പെട്ടെന്നുള്ള ഹൃദയസ്തംഭനം അനുഭവിക്കുന്ന ഒരാളെ ഇതു ഉപയോഗിച്ച് സഹായിക്കാം.
ടെർമിനൽ 1, 4, 5 എന്നിവിടങ്ങളിലും വിമാനത്താവളത്തിലെ ആരോഗ്യ കേന്ദ്രത്തിലുമായാണ് എ.ഇ.ഡി ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. പൊതുജനാരോഗ്യ വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് ഇവയുടെ പ്രവർത്തനം. ഡിഫിബ്രിലേറ്ററുകൾ ഉടനടി ഉപയോഗിക്കുന്നത് അതിജീവന നിരക്ക് 70 ശതമാനം വരെ വർധിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനാദ് പറഞ്ഞു.
ഉപകരണങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നത് പഠിപ്പിക്കുന്നതിനായി വിമാനത്താവളത്തിലെ ജീവനക്കാർക്ക് പരിശീലന പരിപാടിയും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.