സംയുക്ത പ്രതിഷേധ സംഗമം ഒ.ഐ.സി.സി കുവൈത്ത് നാഷനൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയിൽ കുവൈത്തിൽ സംയുക്ത പ്രതിഷേധ സംഗമം.
ഒ.ഐ.സി.സി, കെ.എം.സി.സി, കല കുവൈത്ത്, പ്രവാസി കേരളം കോൺഗ്രസ്, പ്രവാസി വെൽഫെയർ തുടങ്ങിയ സംഘടനകൾ പങ്കെടുത്തു. അബ്ബാസിയ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഒ.ഐ.സി.സി ജന. സെക്രട്ടറി ബി.എസ്.പിള്ള സ്വാഗതം പറഞ്ഞു. കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി കുവൈത്ത് നാഷനൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു.
കോർപറേറ്റുകളുമായി ഒത്തുകളിച്ചു അവരുടെ ചെലവിൽ സംസ്ഥാന സർക്കാറുകളെ വിലയ്ക്കെടുക്കുന്ന രീതിയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ അജണ്ടകളെ രാഹുൽ ഗാന്ധി തുറന്നു കാണിക്കുന്നു. ഇതാണ് പൊടുന്നനെ രാഹുൽ ഗാന്ധിക്കെതിരെ തിരിയാനുണ്ടായ കാരണമെന്ന് അദ്ദേഹം പറഞ്ഞു. മാപ്പപേക്ഷ നിർദേശിച്ച കോടതിയോട് ഞാൻ സവർക്കർ അല്ല എന്നു പറഞ്ഞ രാഹുൽ ഗാന്ധിയുടെ നിലപാടിനെ ശറഫുദ്ധീൻ കണ്ണേത്ത് ശ്ലാഘിച്ചു.
ജനാധിപത്യം സംരക്ഷിക്കുന്നതിന് ആശയപരമായ വിയോജിപ്പുകൾക്കിടയിലും ഇടതു കക്ഷികൾ ഐക്യദാർഢ്യം കാണിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കല ജന.സെക്രട്ടറി സി. രാജേഷ് പറഞ്ഞു.
പ്രവാസി കേരളം കോൺഗ്രസ് (ജോസഫ്) നേതാവ് അനിൽ തയ്യിൽ, പ്രവാസി വെൽഫെയർ കുവൈത്ത് നേതാവ് ലായിക് അഹമ്മദ് , കെ.എം.സി.സി പ്രതിനിധികളായ എൻ.കെ. ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത്, എം.ആർ. നാസ്സർ, ജസ്റ്റിൻ, ടി.ടി. ഷംസു എന്നിവർ സംസാരിച്ചു. ജെ. സജി, നൗഷാദ്, വർഗീസ് ജോസഫ് മാരാമൺ, ജോയ് കരവാളൂർ, സിറാജ് എരഞ്ഞിക്കൽ, എൻജിനീയർ മുഷ്താഖ് തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.