പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന
മന്ത്രിസഭ യോഗം
കുവൈത്ത് സിറ്റി: രാജ്യത്തെ നിയമനിർമാണ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിലെ പ്രധാന ചുവടുവപ്പായ ഡിജിറ്റൽ വ്യാപാര മേഖലയിലെ പ്രവർത്തനം നിയന്ത്രിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ബയാൻ പാലസിൽ നടന്ന യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് യോഗത്തിൽ അധ്യക്ഷതവഹിച്ചു.
ഡിജിറ്റൽ സമ്പദ്വ്യവസ്ഥ, വ്യാപാര പ്രവർത്തനങ്ങൾ, ഇ-സേവനങ്ങൾ എന്നിവയിലെ ത്വരിതഗതിയിലുള്ള വികസനങ്ങൾക്കൊപ്പം നീങ്ങുന്നതിന് സഹായകരമാണ് ബിൽ എന്ന് കാബിനറ്റ് കാര്യ സഹമന്ത്രി ഷെരീദ അൽ മഷൗജ്രി പ്രസ്താവനയിൽ പറഞ്ഞു. മന്ത്രിസഭ പാസാക്കിയ ബിൽ അംഗീകാരത്തിനായി അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് കൈമാറി. വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിന്നുമായും പ്രതിനിധി സംഘവുമായും നടത്തിയ ഔദ്യോഗിക ചർച്ചകളുടെ ഫലങ്ങളെക്കുറിച്ച് പ്രധാനമന്ത്രി യോഗത്തിൽ വിശദീകരിച്ചു.
കുവൈത്ത് ആതിഥേയത്വം വഹിച്ച ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ 42-ാമത് യോഗത്തിന്റെ ഫലങ്ങൾ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് മന്ത്രിമാരെ അറിയിച്ചു.സബ്സിഡി ഭക്ഷ്യവസ്തുക്കൾ അനർഹർക്ക് മറിച്ചു നൽകുന്നത് നിയന്ത്രിക്കാനും പൗരന്മാർക്ക് മാത്രം വിതരണം ചെയ്യുന്നത് ഉറപ്പാക്കാനും നടപടികൾ കർശനമാക്കാൻ മന്ത്രിസഭ ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. രാജ്യത്തിന് പുറത്തേക്ക് സബ്സിഡി ഭക്ഷ്യവസ്തുക്കൾ കടത്തുന്നതിലും കർശന നടപടിക്ക് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.