ജലീബ് അൽ ശുയൂഖിലെ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ കുവൈത്ത് മുനിസിപ്പാലിറ്റി പൊളിച്ചു നീക്കുന്നു
കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിലെ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചുമാറ്റൽ ആരംഭിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി. പ്രദേശത്തെ 67 കെട്ടിടങ്ങളാണ് പൂർണമായും പൊളിച്ചു മാറ്റുക. പ്രദേശത്തെ സുരക്ഷയും നഗരവത്കരണവും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെയും ഭാഗമായാണ് നടപടി.
മുനിസിപ്പാലിറ്റിയും പൊതുമരാമത്ത് മന്ത്രാലയത്തിന് കീഴിലുള്ള ഗവൺമെന്റ് സെന്റർ ഫോർ ടെസ്റ്റിങ്, ക്വാളിറ്റി കൺട്രോൾ ആൻഡ് റിസർച്ച് എന്നിവ കെട്ടിടങ്ങൾ പൊതുജന സുരക്ഷക്ക് ഗുരുതര ഭീഷണി ഉയർത്തുന്നതായി കണ്ടെത്തിയിരുന്നു.
സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ കെട്ടിടങ്ങളിൽനിന്ന് ഉടൻ ഒഴിഞ്ഞുപോകാനും തകർന്നുവീഴാനുള്ള സാധ്യത കൂടുതലാണെന്നും മുനിസിപ്പാലിറ്റി നേരത്തേ കെട്ടിട ഉടമകളെയും താമസക്കാരെയും അറിയിച്ചിരുന്നു. നവംബർ നാലിന് 67 കെട്ടിടങ്ങളിലെ താമസക്കാർ ഉടൻ ഒഴിഞ്ഞുപോകണമെന്ന് മുനിസിപ്പാലിറ്റി രണ്ടാഴ്ചത്തെ അന്ത്യശാസനം പുറപ്പെടുവിക്കുകയും ഉണ്ടായി. നിശ്ചിത സമയപരിധിക്കുള്ളിൽ ആവശ്യമായ നടപടി സ്വീകരിക്കുന്നതിൽ ഉടമകൾ പരാജയപ്പെട്ടാൽ പൊളിക്കൽ നടത്താൻ നേരിട്ട് ഇടപെടുമെന്നും അറിയിച്ചിരുന്നു. തുടർന്നാണ് മുനിസിപ്പാലിറ്റി നേരിട്ട് കെട്ടിടങ്ങൾ പൊളിച്ചുമാറ്റൽ ആരംഭിച്ചത്.മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മനൽ അൽ അസ്ഫറിന്റെ മേൽനോട്ടത്തിലാണ് നടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.