പിടിച്ചെടുത്ത വസ്തുക്കൾ
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പരാജയപ്പെടുത്തി. ടെർമിനൽ- 5, ടെർമിനൽ-1 എന്നിവയിലൂടെ മയക്കുമരുന്ന് കടത്താൻ മൂന്ന് വ്യത്യസ്ത ശ്രമങ്ങളാണ് നടന്നത്. ഇന്ത്യയിലെ ഡൽഹിയിൽനിന്നുള്ള വിമാനങ്ങളിലാണ് ലഹരിവസ്തുക്കളുമായി യാത്രക്കാർ എത്തിയത്. ആദ്യ കേസിൽ ടെർമിനൽ അഞ്ചിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ 205 ഗ്രാം ഭാരമുള്ള 40 കഷ്ണം ഹാഷിഷ് കൈവശംവെച്ചിരുന്ന ഒരു യാത്രക്കാരനെ പിടികൂടി. ടെർമിനൽ ഒന്നിൽ രണ്ടാമത്തെ കേസിൽ 188 ഗ്രാം ഭാരമുള്ള 37 ഹാഷിഷ് കഷണങ്ങളുമായി എത്തിയ മറ്റൊരു യാത്രക്കാരൻ പിടിയിലായി.
ടെർമിനൽ ഒന്നിൽ മറ്റൊരു കേസിൽ 26 ഗ്രാം ഭാരമുള്ള അഞ്ച് ഹാഷിഷ് കഷണങ്ങളും നാല് ട്രമാഡോൾ ഗുളികകളുമായി ഒരു യാത്രക്കാരനെയും കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത വസ്തുക്കൾക്കൊപ്പം പ്രതികളെ കൂടുതൽ നിയമനടപടികൾക്കായി ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ വിഭാഗത്തിന് കൈമാറി. പൊതു സുരക്ഷയും സമൂഹ സുരക്ഷയും സംരക്ഷിക്കുമെന്നും രാജ്യത്തേക്ക് നിരോധിത വസ്തുക്കൾ കടത്താനുള്ള ശ്രമങ്ങൾ ചെറുക്കുമെന്നും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. എല്ലാ കസ്റ്റംസ് എൻട്രി പോയിന്റുകളിലും തുടർച്ചയായ ജാഗ്രതയും കർശന നിരീക്ഷണവും നടന്നുവരുന്നതായും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.