സി.പി.ഐ സൂചികയിൽ കുവൈത്ത് 65ാം സ്ഥാനത്ത് അഴിമതിക്കെതിരായ പോരാട്ടം ശക്തമാക്കും
കുവൈത്ത് സിറ്റി: ആഗോള അഴിമതി ധാരണ സൂചികയിൽ (സി.പി.ഐ) കുവൈത്ത് 65ാം സ്ഥാനത്ത് തുടരുന്നതായി അഴിമതി വിരുദ്ധ അതോറിറ്റി നസാഹ അറിയിച്ചു. 100ൽ 46 പോയന്റ് നേടിയാണ് കുവൈത്ത് സ്ഥാനം നിലനിർത്തിയത്. 2025 ലെ സൂചികയിൽ 182 രാജ്യങ്ങളിൽ 65ാം സ്ഥാനമാണ് രാജ്യത്തിന് ലഭിച്ചത്. ആഗോള ശരാശരി 42 ആയി കുറഞ്ഞ സാഹചര്യത്തിൽ കുവൈത്ത് അതിന് മുകളിലാണെന്ന് നസാഹ വ്യക്തമാക്കി. അഴിമതി വിരുദ്ധ നിയമങ്ങളും സുതാര്യതയും കൂടുതൽ ശക്തമാക്കുമെന്നും അതോറിറ്റി അറിയിച്ചു.
മറ്റ് ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇ രണ്ട് സ്ഥാനങ്ങൾ മുന്നേറി 21ാം സ്ഥാനത്തും, ഖത്തർ മൂന്ന് സ്ഥാനങ്ങൾ പിന്നോട്ട് പോയി 41ാം സ്ഥാനത്തും, സൗദി അറേബ്യ ഏഴ് സ്ഥാനങ്ങൾ താഴ്ന്ന് 45ാം സ്ഥാനത്തും എത്തി. ഒമാൻ നാല് സ്ഥാനങ്ങൾ താഴ്ന്ന് ഒമാൻ നാല് സ്ഥാനങ്ങൾ താഴ്ന്ന് 54ാം സ്ഥാനത്തും ബഹ്റൈൻ മൂന്ന് സ്ഥാനങ്ങൾ താഴ്ന്ന് 56ാം സ്ഥാനത്തും എത്തി.
അന്താരാഷ്ട്ര റാങ്കിങ്ങിൽ കുവൈത്തിന്റെ സ്ഥിരതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ സ്കോറും സ്ഥാനവുമെന്ന് നസാഹ പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടത്തിലെ വർധിച്ചുവരുന്ന വെല്ലുവിളികൾക്കിടയിലാണ് 2025ലെ ഫലം വന്നത്. ഭാവിയിൽ ക്രമാനുഗതവും സുസ്ഥിരവുമായ പുരോഗതി കൈവരിക്കാൻ കുവൈത്ത് പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
സർക്കാർ നടപടിക്രമങ്ങളിൽ സുതാര്യത വർധിപ്പിക്കുന്നതിനൊപ്പം, നിയമനിർമാണ, സ്ഥാപന ചട്ടക്കൂടുകൾ ശക്തിപ്പെടുത്തൽ, സാമ്പത്തിക വെളിപ്പെടുത്തലുകൾ എന്നിവയുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങൾ പുറപ്പെടുവിക്കുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്തുകൊണ്ട് കുവൈത്ത് ദേശീയ സമഗ്രത സംവിധാനം നവീകരിക്കുന്നത് തുടരുകയാണ്. അന്താരാഷ്ട്ര സൂചികകളിൽ കുവൈത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിന് സുസ്ഥിരമായ സംയുക്ത ദേശീയ ശ്രമങ്ങൾ, വിവിധ സ്ഥാപനങ്ങൾക്കിടയിൽ മെച്ചപ്പെട്ട ഏകോപനം, സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനും വിശ്വാസം ശക്തിപ്പെടുത്തുന്നതിനും ഭരണത്തിന്റെയും സുതാര്യതയുടെയും ഏകീകരണം എന്നിവ ആവശ്യമാണെന്നും സൂചിപ്പിച്ചു.
അതേസമയം, മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും അഴിമതി ആഴത്തിൽ വേരൂന്നിയതാണെന്നും മിക്ക സർക്കാറുകളും പൊതുമേഖലാ അഴിമതി പരിഹരിക്കുന്നതിൽ പരാജയപ്പെടുന്നതായും ട്രാൻസ്പരൻസി ഇന്റർനാഷനൽ റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.