കുവൈത്ത് സിറ്റി: റമദാനെ സ്വീകരിക്കുന്നതിനായുള്ള ഒരുക്കങ്ങൾ സജീവമാക്കി വിശ്വാസി സമൂഹം. രാജ്യത്ത് ഈ മാസം 17ന് മാസ പിറ ദൃശ്യമാകുമെന്നും 18ന് റമദാൻ ആരംഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
റമദാന് മുന്നോടിയായും റമദാനിലും മലയാളി സംഘടനകൾ അടക്കമുള്ളവ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് വരികയാണ്. ഭക്തിപൂർവം റമദാനെ സ്വീകരിക്കുന്നതിനായി മിക്ക മത സംഘടനകളും പ്രത്യേക പരിപാടികൾ സംഘിപ്പിച്ചിട്ടുണ്ട്. റമദാനിൽ പ്രത്യേക പ്രഭാഷണങ്ങൾ, നോമ്പുതുറ, ദാനധർമങ്ങൾ, ഇദ്ബോധന ക്ലാസുകൾ, ഉംറ യാത്രകൾ എന്നിവയും വിവിധ സംഘടനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
റമദാൻ അടുക്കുന്നതിനാൽ സഹകരണ സംഘങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ സാമൂഹിക കാര്യ മന്ത്രാലയത്തിലെ സാമ്പത്തിക, ഭരണ, സഹകരണ മേഖല ശക്തമാക്കിയിട്ടുണ്ട്. നിയമങ്ങളും മന്ത്രിതല ഉത്തരവുകളും, പ്രത്യേകിച്ച് ബജറ്റ് തയാറാക്കൽ, വിതരണ സംവിധാനങ്ങൾ, സീസണൽ ചെലവുകൾക്കായുള്ള ആസൂത്രണം എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ആരോഗ്യ മന്ത്രാലയം പ്രവൃത്തി സമയം
റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയത്തെക്കുറിച്ച് ആരോഗ്യ മന്ത്രാലയം സർക്കുലർ പുറത്തിറക്കി. ആരോഗ്യ മന്ത്രാലയം ആസ്ഥാനവും നോൺ-ക്ലിനിക്കൽ വകുപ്പുകളും റമദാനിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് 2.00 വരെയാകും പ്രവർത്തനം. ആരോഗ്യ, മെഡിക്കൽ സേവനങ്ങൾ നൽകുന്നതിൽ നേരിട്ട് പങ്കാളികളല്ലാത്ത എല്ലാ വകുപ്പുകൾക്കും ഇത് ബാധകമാണ്.
ആശുപത്രികൾ, പ്രത്യേക കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ആരോഗ്യ സേവനങ്ങളുടെ നേരിട്ടുള്ള ദാതാക്കൾ എന്നിവയുടെ പ്രവൃത്തി സമയം രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 1.30 വരെ ആയിരിക്കും.
തുടർച്ചയായ 24 മണിക്കൂർ സേവനം ആവശ്യമുള്ളവ ഉൾപ്പെടെ, പ്രത്യേക പ്രവർത്തന ആവശ്യകതകളുള്ള ആരോഗ്യ കേന്ദ്രങ്ങൾക്ക് ഇത് ബാധകമല്ല. ഓരോ വകുപ്പിന്റെയും ജോലിയുടെ പ്രത്യേക സ്വഭാവവും സ്പെഷലൈസേഷനും ഉൾക്കൊള്ളുന്ന രീതിയിൽ ഇവിടെ ജീവനക്കാരുടെ ഷെഡ്യൂൾ ക്രമീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.