കുവൈത്ത് സിറ്റി: പ്രതിരോധ നടപടികളും സ്മാർട്ട് സേവനങ്ങളും ശക്തമാക്കിയതോടെ തീപിടിത്തങ്ങളിൽ 8.34 ശതമാനം കുറവുണ്ടായതായി കുവൈത്ത് ഫയർഫോഴ്സ്. ഗവൺമെന്റ് കമ്യൂണിക്കേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പബ്ലിക് റിലേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അൽ ഗരീബാണ് ഈ കാര്യം വ്യക്തമാക്കിയത്.
‘സംരക്ഷണവും പ്രതിരോധവും’ എന്ന മുദ്രാവാക്യത്തിൽ കുവൈത്ത് ഫയർഫോഴ്സ് പുതിയ വികസന പദ്ധതികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
ജനുവരി മുതൽ ഒക്ടോബർ വരെ 13,000ൽ അധികം തീപിടിത്ത കേസുകളിൽ സേന സഹായം നൽകി. ഈ കാലയളവിൽ 2,728 അറിയിപ്പുകൾ, 1,058 ലംഘനങ്ങൾ, 3,323 അടച്ചുപൂട്ടലുകൾ എന്നിവയും രേഖപ്പെടുത്തി. സൈബർ സുരക്ഷ ഉറപ്പാക്കാൻ ഗൂഗിളുമായി സഹകരണം ആരംഭിച്ചതായും കെ.എഫ്.എഫ്. അറിയിച്ചു.
എട്ട് നൂതന മറൈൻ റെസ്ക്യൂ ബോട്ടുകളും സുബ്ഹാൻ സെന്റർ ഫോർ ഹസാർഡസ് മെറ്റീരിയൽസ്, അർദിയ ലൈസൻസിങ് സെന്റർ, സൗത്ത് എയർപോർട്ട് സെന്റർ, ജുൻ മറൈൻ റെസ്ക്യൂ സെന്റർ, ശൈഖ് ജാബിർ അൽ അഹ്മദ് കോസ്വേയിലെ ഒരു ഫയർ സ്റ്റേഷൻ എന്നിവയുൾപ്പെടെ പുതിയ കേന്ദ്രങ്ങളും ഈ വര്‍ഷം ഉദ്ഘാടനം ചെയ്തു.
തീ പിടിത്തം ഒഴിവാക്കാനും സുരക്ഷ ഉറപ്പുവരുത്താനും അഗ്നി പ്രതിരോധ ചട്ടങ്ങൾ പാലിക്കണമെന്നും ഫയർ ഫോഴ്സ് അധികൃതർ പൊതുജനത്തോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.