കുവൈത്ത് സിറ്റി: ലഹരിക്കെതിരായ പോരാട്ടത്തിൽ കൂടുതൽ കർക്കശവും സമഗ്രവുമായ നടപടികൾ ഉറപ്പുവരുത്തുന്ന പുതിയ ‘മയക്കുമരുന്ന് വിരുദ്ധ നിയമം’ ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരും. മയക്കുമരുന്ന് കേസുകളിൽ വധശിക്ഷ, തടവ്, പിഴ എന്നിങ്ങനെ പുതിയ നിയമത്തിൽ ശിക്ഷ കനത്തതാക്കിയിട്ടുണ്ട്.
മയക്കുമരുന്നുകളെയും സൈക്കോട്രോപിക് വസ്തുക്കളെയും ചെറുക്കുന്നതും ഉപയോഗവും കടത്തും നിയന്ത്രിക്കുന്നതുമാണ് പുതിയ നിയമമെന്ന് ആഭ്യന്തര മന്ത്രാലയം മയക്കുമരുന്ന് നിയന്ത്രണ ജനറൽ ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖബസാർഡ് പറഞ്ഞു. ശിക്ഷാനടപടികൾ, പ്രതിരോധം, ചികിത്സ എന്നിവയുൾപ്പെടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പുതിയ നിയമത്തിൽ ഉൾക്കൊള്ളുന്നു. മെഡിക്കൽ ആവശ്യത്തിനുള്ള മരുന്നുകൾക്കും കനത്ത നിയന്ത്രണം ഉണ്ടാകും. ഇവയുടെ വിതരണം നിരീക്ഷിക്കും.
സമൂഹത്തെ സംരക്ഷിക്കുക എന്നത് ഒരു കൂട്ടായ ഉത്തരവാദിത്തമാണെന്നും അതിന് ഉദ്യോഗസ്ഥരുടെയും സമൂഹത്തിന്റെയും യോജിച്ച ശ്രമങ്ങൾ ആവശ്യമാണെന്നും ഖബസാർഡ് സൂചിപ്പിച്ചു. ആഭ്യന്തരമന്ത്രാലയവുമായി സഹകരിക്കാനും മയക്കുമരുന്ന് വിപത്തിനെതിരെ പോരാടുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ഈ വർഷം ലൈസൻസില്ലാത്ത നിരവധി ഫാമുകൾ റെയ്ഡ് ചെയ്ത് വിവിധ മയക്കുമരുന്ന് വസ്തുക്കൾ പിടിച്ചെടുത്തതായി ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഹമദ് അസ്സബാഹ് പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നേരിടുന്നതിനും സമൂഹ സുരക്ഷ വർധിപ്പിക്കുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
വിവരങ്ങൾ അറിയിക്കാം
ലഹരിയുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 1884141 എന്ന ഹോട്ട് ലൈൻ നമ്പറിൽ അറിയിക്കാം.
ഇത്തരം വിവരങ്ങൾ പൂർണമായ രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യും. വിവരം നൽകുന്നയാളുടെ ഐഡന്റിറ്റിയുടെ സംരക്ഷണവും ഉറപ്പാക്കും.
മയക്കുമരുന്ന് വിരുദ്ധ നിയമത്തെയും സൈക്കോട്രോപിക് ലഹരിവസ്തുക്കളെയും കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം ദേശീയ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്നുകളുടെ അപകടങ്ങളെക്കുറിച്ചുള്ള പൊതുജന അവബോധം വർധിപ്പിക്കൽ, വ്യാപനം തടയൽ എന്നിവയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.