കെ.ഐ.പി.ഐ.സി മാനേജ്‌മെന്റുമായി ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ബദർ അൽ മുല്ല കൂടിക്കാഴ്ച നടത്തുന്നു
കുവൈത്ത് സിറ്റി: ആരോഗ്യം, സുരക്ഷ, പരിസ്ഥിതി മേഖലകളിൽ മികച്ച അന്താരാഷ്ട്ര ശാസ്ത്രീയ പദ്ധതികളും രീതികളും നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ബദർ അൽ മുല്ല പറഞ്ഞു. കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി (കെ.ഐ.പി.ഐ.സി) യുടെ പുതിയ അൽ സൂർ റിഫൈനറി സന്ദർശനവേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
എണ്ണ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷ നിലനിർത്തുന്നതിന് ഈ പരിപാടികളും രീതികളും പ്രധാന മുൻഗണനയാണെന്നും മന്ത്രി പറഞ്ഞു. എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാനും മന്ത്രി ഉണർത്തി.കുവൈത്ത് പെട്രോളിയം കോർപറേഷൻ (കെ.പി.സി) സി.ഇ.ഒ ശൈഖ് നവാഫ് അൽ സബാഹ്, കെ.ഐ.പി.ഐ.സി സി.ഇ.ഒ വലീദ് അൽ ബദർ എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.
കെ.പി.സി അന്താരാഷ്ട്ര വിപണന മേഖലയുമായി സഹകരിച്ച് റിഫൈനറിയുടെ ആദ്യ ഘട്ടം ആരംഭിച്ചതിനും ചില ഉൽപന്നങ്ങൾ കയറ്റുമതി ചെയ്തതിനും ജീവനക്കാരെ അൽ മുല്ല അഭിനന്ദിച്ചു. കെ.ഐ.പി.ഐ.സി മാനേജ്‌മെന്റുമായി മന്ത്രി കൂടിക്കാഴ്ചയും നടത്തി. കമ്പനിയുടെ പ്രധാന പ്രവർത്തനങ്ങൾ, ഭാവി സാധ്യതകൾ എന്നിവ ചർച്ചചെയ്തു. എണ്ണ മേഖലയിലെ കമ്പനികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് എല്ലാ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.