കുവൈത്ത് അംബാസഡർ ഡോ. മിഷാൽ അൽ മൻസൂർ ബെനിൻ പ്രസിഡന്റ് പാട്രിസ് ടാലോണിനൊപ്പം
കുവൈത്ത് സിറ്റി: കുവൈത്തുമായുള്ള ബന്ധത്തെ ഉറപ്പിച്ചും ഇടപെടലുകളെ പ്രശംസിച്ചും ബെനിൻ പ്രസിഡന്റ് പാട്രിസ് ടാലോൺ. വിവിധ മേഖലകളിൽ പ്രത്യേകിച്ച് മാനുഷിക, ജീവകാരുണ്യ, വികസനരംഗത്ത് കുവൈത്ത് നിർവഹിക്കുന്ന പങ്ക് അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. ബെനിനിലെ കുവൈത്ത് അംബാസഡർ ഡോ. മിഷാൽ അൽ മൻസൂർ, യോഗ്യതാപത്രങ്ങൾ സമർപ്പിക്കുന്ന ചടങ്ങിനിടെയാണ് പാട്രിസ് ടാലോണിന്റെ പരാമർശങ്ങൾ.
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവരെ ടാലോൺ ആശംസകൾ അറിയിച്ചു.ബെനിന്റെ വികസന പ്രക്രിയക്ക് പിന്തുണയും സഹായവും നൽകുന്ന സുപ്രധാന പങ്കാളിയാണ് കുവൈത്ത്. വിദ്യാഭ്യാസം, കൃഷി, അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളിൽ ബെനിനെ പിന്തുണക്കുന്നതിന് കുവൈത്തിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവരുടെ ആശംസ ഡോ. മിഷാൽ അൽ മൻസൂർ പാട്രിസ് ടാലോണിനെ അറിയിച്ചു. ബെനിൻ ജനതക്ക് പുരോഗതിയും സമൃദ്ധിയും ആശംസിച്ചു.ബെനിനുമായുള്ള ബന്ധം ദൃഢമാക്കാനും പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ പരസ്പരധാരണ വർധിപ്പിക്കാനും സഹകരണത്തിന്റെ വിവിധ മേഖലകൾ തുറക്കാനുമുള്ള കുവൈത്തിന്റെ താൽപര്യവും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.