അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ജി.സി.സി
ഉച്ചകോടിയിൽ
കുവൈത്ത് സിറ്റി: ജി.സി.സി ഐക്യം തെളിയിക്കപ്പെട്ട നയമാണെന്നും വൈവിധ്യമാർന്ന വെല്ലുവിളികൾക്കെതിരെ പ്രതിരോധശേഷിയുള്ളതാണെന്നും അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്. ബഹ്റൈനിലെ മനാമയിൽ നടന്ന 46ാമത് ജി.സി.സി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അമീർ. കൂട്ടായ സുരക്ഷയിലൂടെയും ഏകീകൃത വിധിയിലൂടെയും മേഖലയിൽ സ്ഥിരതയും സമാധാനവും ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിന്റെ നേതൃത്വത്തിൽ നടന്ന കഴിഞ്ഞ ജി.സി.സി സമ്മേളനം വെല്ലുവിളികളെ വിവിധ അഭിസംബോധന ചെയ്തതായും കൗൺസിൽ അംഗങ്ങൾക്കും പ്രാദേശിക, അന്തർദേശീയ പങ്കാളികൾക്കും ഇടയിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായും അമീർ പറഞ്ഞു.
ജി.സി.സിയുടെ നിലവിലെ സെഷന് ആതിഥേയത്വം വഹിച്ചതിന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെയും 2026-27 വർഷത്തേക്ക് യു.എൻ.എസ്.സിയിൽ നോൺ പെർമനെന്റ് അംഗമായതിന് ബഹ്റൈനെയും അമീർ അഭിനന്ദിച്ചു.
ഖത്തറിനെതിരെ ഇസ്രായേൽ അടുത്തിടെ നടത്തിയ ആക്രമണത്തെ അപലപിച്ച അമീർ ആക്രമണം മുഴുവൻ ജി.സി.സിക്കും എതിരായ ആക്രമണമായി കണക്കാക്കപ്പെടുന്നതായും വ്യക്തമാക്കി.
ഫലസ്തീൻ ജനതക്കെതിരായ തുടർച്ചയായ ഇസ്രായേൽ ആക്രമണത്തെ അമീർ അപലപിച്ചു. 1967 ജൂൺ നാലിലെ അതിർത്തിക്കുള്ളിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും ഗസ്സയിലെ ഇസ്രായേൽ ആക്രമണവും അധിനിവേശവും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.