ഫലസ്തീൻ കലാ പ്രദർശനത്തിൽനിന്ന്
കുവൈത്ത് സിറ്റി: അതിജീവന പോരാട്ടത്തിനിടയിലെ ഫലസ്തീൻ ജീവിതം, കല, സംസ്കാരം എന്നിവയുടെ തുറന്ന കാഴ്ചകളുമായി ഫലസ്തീൻ കലാ പ്രദർശനത്തിന് തുടക്കം. ‘ഓൾ ഐസ് ഓൺ ഫലസ്തീൻ’ എന്ന വിഷ്വൽ ഇവന്റിന്റെ ഭാഗമായുള്ള പരിപാടിയിൽ ചലച്ചിത്രമേള, ഫോട്ടോ പ്രദർശനം എന്നിവ ഉണ്ട്.
ഫലസ്തീൻ ജനതയുടെ പ്രതിരോധശേഷിയും ചൈതന്യവും എടുത്തുകാണിക്കുന്ന ഡോക്യുമെന്ററികൾ മുതൽ നിരവധി സിനിമകളും മേളയിൽ പ്രദർശിപ്പിക്കും. ശുവൈക്കിലെ ‘കാപ്’ ഗാലറി, തിയറ്റർ, സാൽമയിലെ അമേരിക്കൻ യൂനിവേഴ്സിറ്റി കുവൈത്ത് എന്നിവിടങ്ങളിലായാണ് പ്രദർശനം.
ഞായറാഴ്ച ആരംഭിച്ച സിനിമ പ്രദർശനം ബുധനാഴ്ച സമാപിക്കും. ഗസ്സ ഹബീബ്തി ഫോട്ടോ പ്രദർശനം ‘കാപ്’ ഗാലറിയിൽ 12 വരെ തുടരും.
ഗസ്സയിൽനിന്ന് ഫലസ്തീൻകാരനായ റാഷിദ് മഷാരവി പകർത്തിയ കാഴ്ചകളുമായി ‘ഫ്രം ഗ്രൗണ്ട് സീറോ’ എന്ന സിനിമയും മേളയിലുണ്ട്. ലോകത്തിലെ നൂറാമത്തെ ചലച്ചിത്രമേളകളിലേക്കാണ് ഈ ചിത്രം നാമനിർദേശം ചെയ്യപ്പെടുന്നത്.
സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും വേണ്ടി പോരാടുന്ന ഗസ്സയിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ നിമിഷങ്ങൾ പകർത്തിയ 25 ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്.
ലോകമെമ്പാടും നടക്കുന്ന പ്രദർശനങ്ങളിൽ ഈ ചിത്രങ്ങൾ ഭാഗമാകും. ഇതിൽ നിന്നുള്ള വരുമാനം ഗസ്സയിലെ ഫോട്ടോഗ്രാഫർമാരെ പിന്തുണക്കുന്നതിനായി നൽകും. പ്രദർശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്. ഫലസ്തീൻ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന പ്രധാന ആയുധങ്ങളിലൊന്നാണ് കലാ പ്രവർത്തനങ്ങളെന്ന് ഉദ്ഘാടന ശേഷം കുവൈത്തിലെ ഫലസ്തീൻ അംബാസഡർ റാമി തഹ്ബൂബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.